
കൊച്ചി : ഫോർട്ടു കൊച്ചിയിൽ മത്സ്യത്തൊഴിലാളിയ്ക്ക് വെടിയേറ്റ സംഭവത്തിൽ പൊലീസ് ആയുധ വിദഗ്ധരുടെ സഹായം തേടി. വെടിയുണ്ട ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. നാവിക സേന ഇന്നലെ ഫയറിങ് പരിശീലനം നടത്തിയ സമയം അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. കടലിൽ വെടിയേറ്റ മേഖലയിലും ബോട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തി. കരയിൽ നിന്ന് തന്നെയാകാം വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം
മീൻപിടുത്തം കഴിഞ്ഞ് മടങ്ങിയ മത്സ്യത്തൊഴിലാളിക്ക് ആണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കടലിൽവെച്ച് വെടിയേറ്റത്. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് പരിക്കേറ്റത്. നേവിയാണ് വെടിവെച്ചതെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തി. എന്നാൽ ഇക്കാര്യം നേവി നിഷേധിച്ചതോടെ ബാലിസ്റ്റിക് വിദഗ്ധരുടെസഹായത്തോടെ തീരദേശ പൊലീസ് അന്വേഷണം തുടങ്ങുകയായിരുന്നു .
ഫോർട്ടു കൊച്ചിയിൽ ഒന്നര കിലോമീറ്റർ മാറി കടലിലാണ് സംഭവം. മീൻപിടുത്തത്തിനുശേഷം സെബാസ്റ്റ്യനും മറ്റ് 31പേരും കരയിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്തെ കാതിൽ എന്തോ വന്ന് തറച്ചത്. പിന്നിലേക്ക് മറിഞ്ഞവീണ സെബാസ്റ്റ്യന്‍റെ ചെവിയിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്നു തന്നെ വെടിയുണ്ടയും കണ്ടെടുത്തത്. നാവികസേന പരിശീലനം നടത്തുന്ന ഫോർട്ടു കൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയോട് ചേർന്ന മേഖലയിലാണ് സംഭവം. ഇതോടെയാണ് നാവിക സേനയെന്ന് വെടിവെച്ചതെന്നാരോപിച്ച് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയത്.
വിവരമറിഞ്ഞ് പൊലീസും നാവികസേനയും ആശുപത്രിയെത്തി. വെടിയുണ്ട പരിശോധിച്ച നാവിക ഉദ്യോഗസ്ഥർ ഇത് തങ്ങളുടെ തോക്കിൽ നിന്നുളളതല്ലെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെയാണ് ആരാണ് വെടിവെച്ചതെന്നതിൽ ദുരൂഹതയേറിയത്
സെബാസ്റ്റ്യന്‍റെ പരിക്ക് ഗുരുതരമല്ല. കാതിൽ അഞ്ച് തുന്നലുകളുണ്ട്. ബാലിസ്റ്റിക് വിഗദ്ധരുടെ സഹായത്തോടെ അന്വേഷിക്കാനാണ് തീരദേശ പൊലീസിന്‍റെയും തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam