മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ ബലാത്സം​ഗക്കേസിലും പ്രതി; സേനക്ക് നാണക്കേട്

By Web TeamFirst Published Oct 5, 2022, 3:59 PM IST
Highlights

ബലാത്സംഗക്കേസിലെ പരാതിക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുന്നില്‍ സൂക്ഷിച്ച പത്തുകിലോ മാമ്പഴം ഇയാൾ മോഷ്ടിച്ചത്.

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ മാമ്പഴം മോഷ്ടിച്ച കേസില്‍ പ്രതിയായ പി.വി. ഷിഹാബ്  എന്ന പൊലീസുകാരൻ ബലാത്സംഗക്കേസിലും പ്രതിയെന്ന് പൊലീസ്. മുമ്പ് പീഡനക്കേസിൽ പ്രതിയായതിനെ തുടർന്നും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച ശേഷമായിരുന്നു മാമ്പഴ മോഷണം. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറാണ് പ്രതിയായ ഷിഹാബ്. 2019ല്‍ മുണ്ടക്കയം പൊലീസ് സ്‌റ്റേഷനിലാണ് ഇയാൾക്കെതിരെ ബലാത്സം​ഗക്കേസ് രജിസ്റ്റർ ചെയ്തത്.

ഈ കേസില്‍ ഇയാള്‍ വിചാരണ നേരിടുന്നതിനിടെയാണ് മാമ്പഴ മോഷണക്കേസും രജിസ്റ്റർ ചെയ്തത്. ബലാത്സംഗക്കേസിലെ പരാതിക്കാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുന്നില്‍ സൂക്ഷിച്ച പത്തുകിലോ മാമ്പഴം ഇയാൾ മോഷ്ടിച്ചത്. സംഭവം പൊലീസ് സേനക്ക് തന്നെ നാണക്കേടായിരുന്നു. ഇതിനിടെയാണ് ഷിഹാബിനെതിരേ നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും പുറത്തായത്. മാമ്പഴ മോഷണക്കേസിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വീണ്ടും ഇയാളെ സസ്പെൻഡ് ചെയ്തു. പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി -മുണ്ടക്കയം റോഡിലെ കടയിൽ സൂക്ഷിച്ച മാമ്പഴം ഇയാൾ മോഷ്ടിച്ചത്. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

'പൊതുജനത്തിന് മുന്നിൽ നാണം കെടുത്തി': മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെൻഷൻ

ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. സ്കൂട്ടർ നിർത്തിയ ഷിഹാബ് പെട്ടിയിൽ നിന്ന്  സീറ്റിനടിയിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് സേനയ്ക്കാകെ കളങ്കമുണ്ടാക്കിയ നടപടിയാണ് പൊലീസുകാരന്റെ മാങ്ങാ മോഷണമെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കി. പൊലീസ് ഓഫിസർ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഷിഹാബിനെ ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരിക്കലും യോജിക്കാത്ത തരത്തിലുള്ള അച്ചടക്ക ലംഘനമാണ് ഷിഹാബിൽ നിന്ന് ഉണ്ടായതെന്ന് സസ്പെൻഷൻ ഉത്തരവിൽ ഇടുക്കി എസ്പി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഷിഹാബ് ഒളിവിൽ തുടരുകയാണെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് പറഞ്ഞു. മാങ്ങാ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിൽ ഷിഹാബിനെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. 

click me!