മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിലേക്ക് കരാർ നിയമനം പിആർഡി നടത്തും; സ്ഥിരപ്പെടുത്താൻ നീക്കമെന്ന് സംശയം

By Web TeamFirst Published Sep 21, 2021, 8:08 AM IST
Highlights

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയുടെയും വെബ് സൈറ്റിൻറെയും നടത്തിപ്പ് പിആർഡി ഏറ്റെടുക്കാനാണ് തീരുമാനം. ഇതിനായി സെൻറർഫോർ മാനേജ്മെൻറ് സ്റ്റഡീസ് വഴി വീണ്ടും കരാർ നിയമനം നൽകാൻ ഉത്തരവിറക്കി. ശമ്പളവും പിആർഡി നേരിട്ട് നൽകും. നിയമനത്തിന് പ്രത്യേക സമിതിഉണ്ടാക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിൽ കരാർ ജീവനക്കാരുടെ നിയമനവും ശമ്പളവും പിആർഡി വഴി നേരിട്ട് നൽകാൻ ഉത്തരവ്. നിലവിൽ കരാർ ജീവനക്കാരെ സി ഡിറ്റ് വഴിയായിരുന്നു നിയമിച്ചിരുന്നത്. ജീവനക്കാരെ പിൻവാതിൽ വഴി സ്ഥിരപ്പെടുത്താനാണോ പുതിയ നീക്കമെന്നാണ് സംശയം.

മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിൻറെ നടത്തിപ്പ് കരാ‍ർ സി-ഡിറ്റിനാണ് പിആർഡി നൽകിയിരുന്നത്. ഒന്നാം പിണറായി സർക്കാരിൻറെ കാലത്ത് സി-ഡിറ്റ് നിയമിക്കുന്ന താൽക്കാലിക ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മാറ്റി. സോഷ്യൽ മീഡിയ സെല്ലിൽ ജോലി ചെയ്യുന്നവർക്കുള്ള വേതനം പിആർഡി സിഡിറ്റു വഴിയാണ് നൽകുന്നത്. എന്നാൽ ഇത് മാറ്റി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയുടെയും വെബ് സൈറ്റിൻറെയും നടത്തിപ്പ് പിആർഡി ഏറ്റെടുക്കാനാണ് തീരുമാനം.

ഇതിനായി സെൻറർഫോർ മാനേജ്മെൻറ് സ്റ്റഡീസ് വഴി വീണ്ടും കരാർ നിയമനം നൽകാൻ ഉത്തരവിറക്കി. ശമ്പളവും പിആർഡി നേരിട്ട് നൽകും. നിയമനത്തിന് പ്രത്യേക സമിതിഉണ്ടാക്കും. കഴിഞ്ഞ സർക്കാരിൻറെ കാലത്ത് സി-ഡിറ്റിലെ കരാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തിയത് വിവാദമായിരുന്നു. നേരിട്ട് ശമ്പളം നൽകിക്കൊണ്ടുള്ള പുതിയ നിയമനം വളഞ്ഞവഴിയിലെ സ്ഥിരപ്പെടുത്തലിന്റെ തുടക്കമാണോ എന്നാണ് സംശയം. 

പിആർഡി നൽകുന്ന പണത്തിൽ നിന്നും സി-ഡിറ്റ് കമ്മീഷൻ വാങ്ങിയ ശേഷമാണ് ജീവനക്കാർക്ക് വേതനം നൽകുന്നത്. ജീവനക്കാർക്ക് ആറു മാസം കഴിയുമ്പോള്‍ കരാർ നീട്ടി നൽകുന്നതിലും കാലതാമസമുണ്ടാക്കുന്നു. ഇത്തരം സാങ്കേതിക തടസ്സങ്ങള്‍ നീക്കാനാണ് പുതിയ തീരുമാനമെന്നാണ് പി ആർ  ഡി വിശദീകരണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!