മലപ്പുറം അരീക്കോട് കാടുവെട്ടുന്ന യന്ത്രം തട്ടി ഗുരുതരമായി പരിക്കേറ്റ പെരുമ്പാമ്പിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ ലഭിച്ചു. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം പാമ്പ് ഇപ്പോൾ നിരീക്ഷണത്തിലാണ്
മലപ്പുറം: കാടുവെട്ടുന്ന യന്ത്രം തട്ടി മാരകമായി പരിക്കേറ്റ പെരുമ്പാമ്പിന് അടിയന്തര ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം. അരീക്കോട് പൂക്കോട്ടുചോല മാതക്കോടുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കാട് വെട്ടിത്തെളിക്കുന്നതിനിടയിലാണ് സംഭവം. മൂര്‍ച്ചയേറിയ യന്ത്രം പാമ്പിന്റെ ദേഹത്ത് പതിച്ച് ആഴത്തിലുള്ള മുറിവുണ്ടായി. ഉടന്‍ തന്നെ നാട്ടുകാര്‍ അനിമല്‍ റെസ്‌ക്യൂ വൊളന്റിയര്‍മാരെ വിവരം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ മൃഗക്ഷേമ അവാര്‍ഡ് ജേതാവ് പുളിയക്കോട് സുരേഷ്, സ്‌നേക്ക് റെസ്‌ക്യൂ വൊളന്റിയര്‍ ഇല്ല്യന്‍ അബു എന്നിവര്‍ സ്ഥലത്തെത്തി പാമ്പിനെ കിഴിശ്ശേരി കുഴിമണ്ണ മൃഗാശുപത്രിയില്‍ എത്തിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. പി. ജാസിം മുഹമ്മദിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്. പാമ്പിന് ആന്തരിക മുറിവുകള്‍ ഉള്ളതിനാല്‍ മയക്കാതെയാണ് തുന്നലുകള്‍ ഇട്ടത്. മുറിവുകളില്‍ നിന്ന് ധാരാളം രക്തം വാര്‍ന്നുപോയെങ്കിലും എല്ലുകള്‍ക്ക് പൊട്ടലില്ലാത്തത് ആശ്വാസമായി. രണ്ട് പാളികളിലായാണ് മുറിവുകള്‍ തുന്നിച്ചേര്‍ത്തത്.
നിലവില്‍ ഇല്ല്യന്‍ അബുവിന്റെ സംരക്ഷണയില്‍ നിരീക്ഷണത്തിലാണ് പെരുമ്പാമ്പ്. ഇഞ്ചക്ഷനുകള്‍ തുടരും. 20 ദിവസത്തിന് ശേഷം തുന്നലുകള്‍ നീക്കം ചെയ്താലുടന്‍ വനം വകുപ്പിന് കൈമാറും. വന്യജീവികളെ സംരക്ഷിക്കാനുള്ള നാട്ടുകാരുടെയും വൊളന്റിയര്‍മാരുടെയും കൃത്യസമയത്തുള്ള ഇടപെടല്‍ വലിയ അഭിനന്ദന പ്രവാഹത്തിന് വഴിയൊരുക്കി.


