
തിരുവനന്തപുരം: യുവം പരിപാടിയെ പരിഹസിച്ചു ഡിവൈഎഫ് രംഗത്ത്. പരിപാടി കാറ്റ് പോയ ബലൂൺ പോലെയായെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു. കൊട്ടിഘോഷിച്ച യുവം മറ്റൊരു മൻ കീ ബാത്ത് ആയി. ബിജെപി യുടെ തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ആക്കി പരിപാടി അവസാനിപ്പിച്ചു. സംഘാടകര് പ്രചരിപ്പിച്ചത്, പരിപാടിയിൽ രാഷ്ട്രീയമില്ല എന്നായിരുന്നുവെന്നും സനോജ് പറഞ്ഞു. മോദിയുടെ യുവം കോൺക്ലേവിനെതിരെ കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിക്ക് കേരളത്തിലെ യുവത്വവുമായി സംവദിക്കാനെന്ന പേരില്‍ കൊട്ടിഘോഷിച്ച് കൊച്ചിയില്‍ സംഘടിപ്പിച്ച യുവം എന്ന പരിപാടി ബിജെപിയുടെ വെറും രാഷ്ട്രീയ സമ്മേളനം മാത്രമായിപ്പോയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പിയും പറഞ്ഞു. പ്രധാനമന്ത്രിയുടെ വിലകുറഞ്ഞ രാഷ്ട്രീയ പ്രസംഗത്തിന് അപ്പുറം കേരളത്തിലെ യുവജനതയ്ക്ക് പ്രതീക്ഷ പകരുന്നതൊന്നും യുവം എന്ന പരിപാടിയില്ലായിരുന്നു. ഈ പരിപാടിയുടെ പേരില്‍ വലിയ പ്രതീക്ഷയാണ് പ്രധാനമന്ത്രിയും ബിജെപിയും യുവാക്കള്‍ക്ക് സമ്മാനിച്ചത്. ഇത് തന്നെയാണ് യുവജനതയോടുള്ള ബിജെപിയുടെ ശൈലിയും. ഓരോ വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീട് അവരെ കബളിപ്പിക്കുകയുമാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ബിജെപി ചെയ്തുവന്നതെന്നും വേണുഗോപാൽ പറഞ്ഞു.