
തിരുവനന്തപുരം: തിരുവനന്തപുരത്ത് പനവിളയിൽ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തോട് ചേര്‍ന്ന മൺതിട്ട ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ മണ്ണിനടിയിൽ പെട്ടു. അപകടം ഉണ്ടായി മിനിറ്റുകൾക്ക് ഉള്ളില്‍ ഒരാളെ പുറത്തെടുക്കാനായെങ്കിലും അസം സ്വദേശിയായ രാഹുൽ ബിശ്വാസ് എന്നയാളെ രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഫയര്‍ ഫോഴ്സ് സംഘം പുറത്തെത്തിച്ചത്.
രാവിലെ 10 മണിയോടെയാണ് പനവിളയിൽ നിര്‍മ്മാണത്തിലിരുന്നു ബഹുനില കെട്ടിടത്തോട് ചേര്‍ന്ന മൺതിട്ട അടര്‍ന്ന് വീണത്. ആഹാരം കഴിക്കാനെത്തിയ രണ്ടുപേര്‍ മണ്ണിനടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശിയ ദീപക് ബര്‍മനെ മിനിറ്റുകൾക്ക് അകം പുറത്തെടുത്ത് ആശുപത്രിയിലാക്കി. മൺതിട്ടയുടെ ഭാഗമായിരുന്ന കോൺക്രീറ്റ് പാളിക്കകത്ത് ശരീരത്തിന്‍റെ മുക്കാൽ ഭാഗവും അകപ്പെട്ട് പോയ നിലയിലായിരുന്നു അസം സ്വദേശിയായ രാഹുൽ ബിശ്വാസ്.
പത്ത് അടിയോളം വീതിയുണ്ടായിരുന്ന മൺതിട്ട പാതിയോളം അടര്‍ന്നു. മണ്ണ് പൊഴിഞ്ഞു വീഴുന്ന ബാക്കി ഭാഗം എപ്പോൾ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലുമായിരുന്നു. മുകളിൽ വലിയ ജനറേറ്റര്‍ അടക്കമുള്ള ഉപകരണങ്ങളുമുണ്ട്. കൈ കൊണ്ട് മണ്ണ് മാന്തി തൊപ്പിയിൽ നിറച്ച് മാറ്റിയാണ് ഫയര്‍ഫോഴ്സ് ആളെ പുറത്തെടുത്തത്. പിആര്‍എസിന്‍റെ ഉടമസ്ഥതതയിലുള്ള ബഹുനില അപ്പാര്‍ട്ട്മെന്‍റിന്‍റെ പണി കഴിഞ്ഞ മൂന്ന് വര്‍ഷമായി നടക്കുന്നുണ്ട്.
അപകടം നടക്കുമ്പോൾ 63 ഇതര സംസ്ഥാന തൊഴിലാളികൾ ജോലിക്കുണ്ടായിരുന്നു. മോഡൽ സ്കൂൾ റോഡിനോട് ചേര്‍ന്ന ഭാഗമാണ് അടര്‍ന്ന് വീണത്. അപകട സാധ്യത നിലനിൽക്കുന്നതിനാൽ റോഡിനോട് ചേര്‍ന്നുള്ള ഭാഗം കോൺക്രീറ്റ് കെട്ടി സംരക്ഷിക്കാൻ നടപടി എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam