
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്. പരാതിക്കാരിയായ യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ട്. ദേഹത്ത് കയറിപ്പിടിച്ചെന്ന് മൊഴി നൽകിയിട്ടും പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത് എന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. സംഭവം നടന്ന ഉടൻ പരാതി നൽകിയിട്ടും പൊലീസ് ഗൗരവമായെടുത്തില്ലെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.
സംഭവം നടക്കുന്ന സമയത്ത് കറുത്ത പാന്റും വെള്ള ടീഷർട്ടുമാണ് പ്രതി ധരിച്ചിരുന്നത്. തലയിൽ ഒരു മഫ്ളറുമുണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്. വളരെ അടുത്ത് എത്തിയതിന് ശേഷമാണ് ഉപദ്രവിച്ചത്. മുഖം നന്നായി ഓർക്കുന്നു എന്നാണ് യുവതി പറഞ്ഞത്. പ്രതി സഞ്ചരിച്ച കാർ ഏത് ദിശയിലേക്കാണ് പോയതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും പരശോധിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നഗരഹൃദയത്തിൽ വെച്ച് യുവതി അപമാനിക്കപ്പെട്ടത്. എൽഎംഎസ് ജംഗ്ഷനിൽ വാഹനം നിർത്തിയ ശേഷമാണ് നടന്ന് വന്ന പ്രതി യുവതിയെ ആക്രമിച്ചത്. ഇതിന് ശേഷം പ്രതി മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെട്ടു. സംഭവം നടന്ന പുലർച്ചെ നാല് മണിക്ക് തന്നെ എയ്ഡ് പോസ്റ്റിൽ യുവതി വിവരം അറിയിച്ചുവെങ്കിലും പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചില്ലെന്നാണ് ആക്ഷേപം. പ്രതിയുടെ വാഹനം കേന്ദ്രീകരിച്ച് അപ്പോൾ തന്നെ അന്വേഷണം തുടങ്ങിയെങ്കിൽ അന്ന് തന്നെ പ്രതിയെ പിടികൂടാനാകുമായിരുന്നുവെന്നും യുവതി പറയുന്നു.
രാവിലെ എട്ടരക്ക് യുവതി മ്യൂസിയം സ്റ്റേഷനിലെത്തി പരാതി നൽകി. ദേഹത്ത് കടന്നുപിടിച്ച് ലൈംഗികചുവയോടെ സംസാരിച്ചുവെന്ന് മൊഴി നൽകിയിട്ടും പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണെന്നും യുവതി പറയുന്നു. ലൈംഗിക അതിക്രമത്തിനുള്ള ശ്രമം എന്ന കുറ്റത്തിനുള്ള 354 എ 1 ഐ എന്ന വകുപ്പാണ് എഫ്ഐആറിൽ ചുമത്തിയത്. പ്രതിയെ കുറിച്ച് ഒരു സൂചനയും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. മ്യൂസിയം ഭാഗത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ പൊലീസിന് കിട്ടിയത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് മ്യൂസിയം പൊലീസിൻ്റെ വിശദീകരണം.
മ്യൂസിയം വളപ്പില്‍ സ്ത്രീക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പ്രതിയെ പിടികൂടാതെ പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam