
പാലക്കാട്: സ്കൂള്‍ പ്രിന്‍സിപ്പല്‍ (School Principal) അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവുമായി എഴുത്തുകാരന്‍ ചെറുകാടിന്‍റെ ചെറുമകളും കെമിസ്ട്രി അധ്യാപികയുമായ (Dhanya) ധന്യ. പൊലീസ് ദുര്‍ബലവകുപ്പുകള്‍ ചുമത്തി പ്രിന്‍സിപ്പലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.
പട്ടാമ്പിക്കടുത്ത് വല്ലപ്പുഴ ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപികയായ ധന്യയാണ് പരാതിക്കാരി. മറ്റൊരു ടീച്ചറുടെ പരാതി പരിഹാരത്തിനായി പ്രിന്‍സിപ്പല്‍ വിളിച്ച മീറ്റിങ്ങില്‍ പങ്കെടുക്കവേ ലാബ് അസിസ്റ്റന്‍റ് മണികണ്ഠന്‍ മോശമായി പെരുമാറി. പ്രിന്‍സിപ്പല്‍ സി.ടി. മുഹമ്മദ് കുട്ടി ഇത് തടഞ്ഞില്ല. സ്കൂള്‍ മാനെജര്‍ക്ക് പരാതി നല്‍കാനുള്ള അവസരവും നിഷേധിച്ചു. അനുമതി ചോദിച്ചെത്തിയപ്പോള്‍ ഭീഷണി മുഴക്കിയെന്നും അധ്യാപിക ആരോപിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന അധ്യാപക യോഗത്തിലും അധിഷേപം തുടര്‍ന്നതായും ആക്ഷേപമുണ്ട്
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി നല്‍കിയിട്ടും പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തിയെന്നാണ് അധ്യാപികയുടെ ആരോപണം. പ്രിന്‍സിപ്പലിന്‍റെ നേതൃത്വത്തില്‍ ഒരുവിഭാഗം സ്കൂളില്‍ മാനസിക പീഡനം തുടരുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും കാണിച്ച് വനിതാ കമ്മീഷനു പരാതി നല്‍കി കാത്തിരിക്കുകയാണ് ധന്യ. എന്നാല്‍ അധ്യാപികയുടെ ആരോപണങ്ങള്‍ പ്രിന്‍സിപ്പല്‍ നിഷേധിച്ചു. അധ്യാപികയുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നാണ് പട്ടാന്പി പൊലീസിന്‍റെ വിശദീകരണം