എസ്എഫ്ഐയുടെ ഭീകരമുഖമാണ് പുറത്തുവരുന്നത്; അക്രമികള്‍ക്ക് സിപിഎം നേതൃത്വം ഒത്താശ നല്‍കുന്നു: പ്രതിപക്ഷ നേതാവ്

By Web TeamFirst Published Jul 12, 2019, 8:42 PM IST
Highlights

യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് എസ് എഫ് ഐ നേതൃത്വത്തിന്റെ ഈ ഭീകരശൈലി കാരണമായിരുന്നുവെന്ന് ചെന്നിത്തല ചൂണ്ടികാട്ടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ ഭീകരമുഖത്തെ ഒരിക്കല്‍ കൂടി പുറത്തു കൊണ്ടുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവന് രമേശ് ചെന്നിത്തല പ്രസ്താവനയിലൂടെ പറഞ്ഞു. കഴിഞ്ഞ കുറെക്കാലമായി യൂണിവേഴ്‌സിറ്റി കോളേജില്‍ ആരോഗ്യകരമായ വിദ്യാര്‍ത്ഥി പ്രവര്‍ത്തനത്തിന് പകരം ഗുണ്ടാ പ്രവര്‍ത്തനമാണ് എസ് എഫ് ഐ നടത്തുന്നത്. മറ്റു വിദ്യാര്‍ത്ഥി സംഘടനകളെയൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്ന എസ് എഫ് ഐ ഇപ്പോള്‍ സ്വന്തം സംഘടനയിലുള്ള കുട്ടികളെപ്പോലും മര്‍ദ്ദിച്ചൊതുക്കുന്ന ഭീകരപ്രവര്‍ത്തന രീതിയിലേക്കാണ്  മാറിയിരിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്‌സിറ്റി കോളേജില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് എസ് എഫ് ഐ നേതൃത്വത്തിന്റെ ഈ ഭീകരശൈലി കാരണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ആ സംഭവത്തില്‍ പോലും സര്‍ക്കാരോ എസ് എഫ് ഐ നേതൃത്വമോ കണ്ണുതുറന്നില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ കാണിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമികള്‍ക്ക് സി പി എം നേതൃത്വം എല്ലാ ഒത്താശയും നല്‍കുന്നു. കേരളത്തിന്‍റെ തിലകക്കുറിയാകേണ്ട ഒരു കാലാലയത്തെയാണ് ഇവര്‍ ഗുണ്ടാവിളയാട്ട കേന്ദ്രമാക്കി മാറ്റിയത്. അതിനെതിരായ കുട്ടികളുടെ ശക്തമായ വികാരമാണ് ഇന്ന് ആ സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെ പുറത്ത് വന്നത്. യൂണിവേഴ്‌സിറ്റി കോളേജിനെ ഇങ്ങനെ എസ് എഫ് ഐയുടെ അഴിഞ്ഞാട്ടത്തിന് വിട്ടു കൊടുക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിദ്യാർത്ഥിയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കിയിട്ടും മൗനം പാലിച്ച കോളേജ് അധികൃതർക്ക്  മാധ്യമ പ്രവർത്തകരെ കാമ്പസിൽ നിന്നും ഇറക്കാനായിരുന്നു തിരക്ക്. കാമ്പസിലെ ഇടിമുറിയെക്കുറിച്ചു പുറം ലോകം അറിയാതിരിക്കാനാണ് എസ് എഫ് ഐ പ്രവർത്തകർ മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ചു പുറത്താക്കിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി പീഡനം വാർത്തയാക്കുന്നതിലെ അസ്വസ്ഥത മൂലമാണ് മാധ്യമപ്രവർത്തകർക്കെതിരെ എസ്എഫ് ഐ തിരിഞ്ഞതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

click me!