
വയനാട്: വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി. ഐലക്കാട് രാജന്‍റെ പശുവിനെ കടുവ ആക്രമിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാർ ഗൂഡല്ലൂർ ബത്തേരി റോഡ് ഉപരോധിക്കുകയാണ്. തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷന് മുന്നിലും പ്രതിഷേധമുണ്ട്. കഴിഞ ദിവസം രാത്രിയും കടുവ ചീരാലിൽ വളർത്തുമൃഗത്തെ ആക്രമിച്ചിരുന്നു. പ്രദേശത്ത് ഒരു മാസത്തിനിടെ 11 വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചത്.
വയനാട്ടിലെ കൃഷ്ണഗിരിയിലും ഇന്ന് കടുവയുടെ ആക്രമണമുണ്ടായി. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിന്‍റെ 2 ആടുകളെയാണ് കടുവ ഇന്ന് കൊന്നത്. ഇതോടെ ചീരാൽ മേഖലയിൽ ഒന്നര മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 വളർത്ത് മൃഗങ്ങളായിരുന്നു. അതേസമയം കടുവയെ പിടികൂടാനുള്ള നടപടികൾ ഇനിയും വിജയം കണ്ടിട്ടില്ല. ഒരു മാസമായിട്ടും തുടരുന്ന കടുവാ ശല്യത്തിന് പരിഹാരം കാണാത്തതിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
വൈൽഡ് ലൈഫ് വാർഡൻ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ചിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ഒരു സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആർ ആർ ടി ടീമും കടുവയുടെ നീക്കം മനസ്സിലാക്കാൻ പരിശീലനം സിദ്ധിച്ച പ്രത്യേക സംഘവും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടാൻ 3 കൂടുകളും ദൃശ്യങ്ങൾ ശേഖരിക്കാൻ 18 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകളിൽ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങളിൽ കടുവ കൂടിന് സമീപം വരെ എത്തുന്നത് വ്യക്തമാകുന്നുണ്ട്. എന്നാൽ കൂട്ടിൽ കയറുന്നില്ല.
ഇന്ന് വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമോ എന്ന ആശങ്ക വനം വകുപ്പിനുണ്ട്. ഇതിനിടെ വളർത്ത് മൃഗങ്ങൾ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകാൻ നടപടി സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam