'പേരോ പ്രശസ്തിയോ വേണ്ട, കുഞ്ഞ് രക്ഷപ്പെട്ടാൽ മതി'; 11 കോടി സഹായം നൽകിയ അജ്‍ഞാതൻ പറഞ്ഞത്...

Published : Feb 21, 2023, 01:14 PM ISTUpdated : Feb 21, 2023, 01:47 PM IST
'പേരോ പ്രശസ്തിയോ വേണ്ട, കുഞ്ഞ് രക്ഷപ്പെട്ടാൽ മതി'; 11 കോടി സഹായം നൽകിയ അജ്‍ഞാതൻ പറഞ്ഞത്...

Synopsis

അപ്പോഴാണ് പേരോ പ്രശസ്തിയോ വേണ്ട എന്ന അറിയിപ്പോടെ 11 കോടി രൂപ ചികിത്സാ സഹായമായി എത്തുന്നത്. ഇനി 80 ലക്ഷം രൂപ കൂടി ലഭിച്ചാൽ നിർവാണിന്റെ മരുന്നിന് ആവശ്യമുള്ള തുക പൂർണ്ണമാകും.  

തിരുവനന്തപുരം: ഭൂമിയിൽ സ്നേഹവും കരുണയും തീർത്തും ഇല്ലാതാകില്ല എന്നതിന്റെ നേർക്കാഴ്ചയാകുന്നുണ്ട് ഒന്നരവയസ്സുകാരൻ നിർവാണിന് ലഭിച്ച അജ്ഞാതന്റെ സഹായം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിർവാണിന് സഹായമഭ്യർത്ഥിച്ചു കൊണ്ടുള്ള കുറിപ്പുകളാണ് സമൂഹമാധ്യങ്ങളിലാകെ നിറഞ്ഞു നിന്നിരുന്നത്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന്, വിവിധ മേഖലകളിൽ നിന്ന് തങ്ങളാൽ കഴിയും വിധം ആളുകൾ സഹായം എത്തിച്ചുകൊണ്ടേയിരുന്നു. എന്നാൽ 17 കോടി രൂപ എന്ന തുകയിലേക്ക് എത്താൻ ഇനിയും ഏറെ കടമ്പകളുണ്ടായിരുന്നു. അപ്പോഴാണ് 'പേരോ പ്രശസ്തിയോ വേണ്ട' എന്ന അറിയിപ്പോടെ 11 കോടി രൂപ നിര്‍വാണിന് ചികിത്സാ സഹായമായി എത്തുന്നത്. ഇനി 80 ലക്ഷം രൂപ കൂടി ലഭിച്ചാൽ നിർവാണിന്റെ മരുന്നിന് ആവശ്യമുള്ള തുക പൂർണ്ണമാകും.

മർച്ചന്റ് നേവിയിൽ ഉദ്യോ​ഗസ്ഥനായിരുന്നു സാരം​ഗ് മേനോന്‍റെയും അദിതിയുടെയും മകനാണ് നിര്‍വാണ്‍. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലൂടെയാണ് ഈ കുടുംബം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.വലിയ പ്രതീക്ഷകൾക്കിടെയാണ് മകൻ നിര്‍വാണ്‍ ജനിച്ചത്. പതിമൂന്ന് മാസമായിട്ടും നിര്‍വാണ്‍ ഇരിക്കുന്നുണ്ടായിരുന്നില്ല. നീന്തുന്ന സമയത്ത് കാല് ഉപയോഗിച്ചായിരുന്നില്ല നീന്തുന്നത്. ഇങ്ങനെ വന്നതോടെയാണ് മകന്‍റെ രക്ത സാംപിള്‍ എടുത്ത് മാതാപിതാക്കൾ പരിശോധിച്ചത്. മൂന്നാഴ്ച നീളുന്ന പരിശോധനയ്ക്ക് ഒടുവിലാണ് നിർവാണിന് അപൂര്‍വ്വ രോഗമായ  സ്പൈനല്‍ മസ്കുലര്‍ അട്രോഫിയാണെന്ന് സ്ഥിരീകരിക്കുന്നത്.  

നിർവാണിന്റെ ചികിത്സക്ക് പതിനേഴര കോടി രൂപയാണ് വേണ്ടത്. രണ്ട് വയസ്സ് തികയുന്നതിന് മുമ്പ് തന്നെ ഈ മരുന്ന് നിർവാണിന് കൊടുക്കണം. എങ്കിലേ ഫലമുള്ളൂ. മരുന്നിനായുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു നിര്‍വാണിന്‍റെ അച്ഛൻ സാംരം​​ഗും അമ്മ അദിതിയും. ജീവിതത്തിലെ സമ്പാദ്യങ്ങളെല്ലാം ചേർത്തുവെച്ചാലും ഈ തുകയിലേക്ക് എത്താൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഈ കുടുംബം സുമനസ്സുകളുടെ സഹായത്തിന് അപേക്ഷിച്ചത്.

എസ്എംഎ രോഗിയായ നിർവാണിന് സഹായ പ്രവാഹം; 11 കോടി നൽകി അജ്ഞാതൻ; ഇനി വേണ്ടത് 80 ലക്ഷം കൂടി

ആ ശ്രമത്തിനാണ് ഇപ്പോൾ ഫലം ലഭിച്ചിരിക്കുന്നത്. ആരാണ് ഇത്രയും വലിയ തുക അയച്ചതെന്ന് സാരം​ഗിനും അദിതിക്കും പോലും അറിയില്ല. വിദേശത്ത് നിന്നും ക്രൌഡ് ഫണ്ടിങ് വഴിയാണ് സഹായമെത്തിയത്. തനിക്ക് പേരോ പ്രശസ്തിയോ വേണ്ടെന്നും തന്നെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും പുറത്തു പറയരുതെന്നും നിർദ്ദേശിച്ചാണ് അജ്ഞാതനായ മനുഷ്യ സ്നേഹി നിർവാണിനെ സഹായിക്കാൻ മുന്നോട്ട് വന്നത്. 

രണ്ട് മാസങ്ങൾക്ക് മുൻപാണ് നിർവാണിന് സഹായമഭ്യർത്ഥിച്ച് കുടുംബം എത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ ഇതിന് വലിയ പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 13 വരെ 4 കോടി രൂപയാണ് സമാഹരിക്കാൻ സാധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ സഹായം വളരെ വലിയതാണ്. പതിനേഴര കോടിയിലേക്ക് എത്താൻ ഇനി 80 ലക്ഷം രൂപ കൂടി മതിയാകും. വലിയൊരു അത്ഭുതം സംഭവിച്ചതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നിർവാണിന്റെ കുടുംബം.

ഇനി 80 ലക്ഷം എന്ന കടമ്പ കൂടിയേ ബാക്കിയുള്ളൂ. മരുന്നു കമ്പനിയുമായി സംസാരിച്ച് ഈ തുകയിൽ സാവകാശം ചോദിച്ചതായി കുടുംബം പറയുന്നു, ഉടൻ തന്നെ മരുന്നെത്തിക്കാനുള്ള നടപടികളിലേക്ക് എത്തുമെന്നും അദിതിയും സാരം​ഗും പറയുന്നു.  ഇനി ബാക്കി പണം കൂടി സ്വരൂപിച്ച് മകന്റെ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബം. 

Bank Name: RBL Bank
Account Number:2223330027465678
Account name; Nirvaan A Menon
IFSC code: RATN0VAAPIS
UPI ID: assist.babynirvaan@icici

 

 

PREV
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി