
തിരുവനന്തപുരം: കണ്ണൂരിൽ പെട്രോൾ പമ്പിന് അനുമതിക്കായി എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് ഡയറക്ടർ. കോഴിക്കോട് യൂണിറ്റ് എസ്പിക്കാണ് അന്വേഷണ ചുമതല. ടിവി പ്രശാന്തനെതിരെയും വിജിലൻസ് അന്വേഷണം ഉണ്ടാവും. കൈക്കൂലി നൽകിയതിനെ കുറിച്ച് അന്വേഷിക്കണമെന്ന പരാതിയിലാണ് പ്രശാന്തനെതിരേയും വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണം.
അതേസമയം, എഡിഎമ്മിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദ പെട്രോൾ പമ്പിൻ്റെ അനുമതിയിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം അന്വേഷണം തുടങ്ങി. കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന് മരിക്കുന്നതിന് മുൻപ് ഡിഎംഒ പെട്രോൾ പമ്പിന് അനുമതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കളടക്കം നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ബന്ധപ്പെട്ടിരുന്നു. ഈ പരാതി പെട്രോളിയം മന്ത്രാലയത്തിന് കൈമാറുകയും ബിപിസിഎല്ലിനോട് വിശദീകരണം തേടുകയായിരുന്നു.
കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെ മണിക്കൂറുകൾക്കകമാണ് താമസിച്ച വീട്ടിനുള്ളിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടാണ് വിവാദം. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോൾ പമ്പിന് എൻഒസി വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അതിന് അനുമതി നൽകുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാൽ സ്ഥലംമാറ്റമായി കണ്ണൂർ വിടുന്നതിന് രണ്ട് ദിവസം മുൻപ് നവീൻ ബാബു പമ്പിന് എൻഒസി നൽകി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയിൽ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ എഡിഎം അഴിമതിക്കാരനല്ലെന്നും കറകളഞ്ഞ ഉദ്യോഗസ്ഥനാണെന്നും സിപിഎം നേതാക്കളും മന്ത്രിമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഒന്നിന് പുറകെ ഒന്നായി സാക്ഷ്യപ്പെടുത്തുകയായിരുന്നു. നവീൻ ബാബുവിനൊപ്പം ജോലി ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥർ വരെ സങ്കടം സഹിക്കാതെ പൊട്ടിക്കരയുന്ന നിലയുണ്ടായി. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായ പിപി ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.
പ്രിയങ്ക ഗാന്ധി വയനാട്ടിൽ പരാജയപ്പെടും, ശുഭാപ്തി വിശ്വാസമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മോകേരി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam