''വയനാട്ടിൽ നേരത്തെ മത്സരിച്ചപ്പോൾ 20400 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. അതു മനസിൽ വച്ചുകൊണ്ട് ജയിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് മത്സരം'' 

തിരുവനന്തപുരം : വയനാട് ഉപതെരഞ്ഞെടുപ്പിൽ സത്യൻ മൊകേരി ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സത്യൻ മൊകേരിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പ്രിയങ്ക ഗാന്ധി കന്നിയങ്കത്തിനിറങ്ങുന്ന വയനാട്ടിൽ സത്യൻ മൊകേരിയെ ഒരിക്കൽക്കൂടി രംഗത്തിറക്കി മികച്ച മത്സരം കാഴ്ചവക്കാൻ കഴിയുമെന്നാണ് സിപിഐ കണക്ക് കൂട്ടൽ. 

മണ്ഡല രൂപീകരണ കാലം തൊട്ട് ഉറച്ച കോൺഗ്രസ് കോട്ടയായി കരുതപ്പെടുന്ന വയനാട്ടിൽ 2014 ല്‍ ശ്രദ്ധയമായ പ്രകടനം കാഴ്ച വച്ചിരുന്നു സത്യൻ മൊകേരി. വയനാട് മണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരു എൽഡിഎഫ് സ്ഥാനാർത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് അന്ന് സത്യൻ മൊകേരി പിടിച്ചത്. 987 മുതൽ നാദാപുരം മണ്ഢലത്തിൽ നിന്ന് മൂന്നു തവണ എംഎല്‍എയായിരുന്നു.

നിലവിൽ സിപിഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ഐ എസ് എഫിലൂടെ രാഷ്ട്രീയ രംഗത്തേക്ക് എത്തിയ സത്യന്‍ മൊകേരി, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി, ദേശീയ കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ്, കോഴിക്കോട് ജില്ല പ്രസിഡന്‍റ്, ആള്‍ ഇന്ത്യ കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

'സിപിഎമ്മിന് ലജ്ജയില്ലേ', ഇതുവരെ കൊത്തിവലിച്ച നാവെടുത്ത് വായിൽ വയ്ക്കുന്നവർ എന്ത് വൃത്തികേടും ചെയ്യും: സുധാകരൻ

മത്സരത്തിനിറങ്ങുന്നത് ശുഭാപ്തി വിശ്വാസത്തോടെ

വയനാട്ടിൽ യുഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി പരാജയപ്പെടുമെന്നും ശുഭാപ്തി വിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങുന്നതെന്നും എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പ്രതികരിച്ചു. വയനാട്ടിൽ മുൻപ് മത്സരിച്ചുളള അനുഭവങ്ങൾ ശക്തമാണ്. ജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വയനാട്ടിൽ നേരത്തെ മത്സരിച്ചപ്പോൾ 20400 വോട്ടുകൾക്ക് മാത്രമാണ് പരാജയപ്പെട്ടത്. അതു മനസിൽ വച്ചുകൊണ്ട് ജയിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് മത്സരം. പ്രിയങ്ക ഗാന്ധി പരാജയപ്പെടും. നേരത്തെ ഇന്ദിരാ ഗാന്ധി, രാഹുൽഗാന്ധി കെ കരുണാകരൻ എല്ലാവരും പരാജയപ്പെട്ടിട്ടുണ്ടെന്നും സത്യൻ മൊകേരി ഓർമ്മിപ്പിച്ചു.

YouTube video player