
പെരുമ്പാവൂർ: പെരുമ്പാവൂർ ഒക്കൽ ഗവ. എൽപി സ്കൂൾ മതിലിന്റെ ഒരു ഭാഗം തകർന്നു വീണു. ശക്തമായ മഴയെ തുടർന്നാണ് മതിൽ തകർന്നത്. സ്കൂളിന് പുറകിലുള്ള കനാൽ ബണ്ട് റോഡിലേക്കാണ് മതിൽ വീണത്. ഇന്ന് അവധി ദിവസമായതിനാൽ വലിയ ദുരന്തം ഒഴിവായി. ഈ സ്കൂളിലേക്കും തൊട്ടടുത്തുള്ള ഹയർസെക്കൻഡറി സ്കൂളിലേക്കും കുട്ടികൾ പോകുന്ന റോഡാണിത്.
സ്കൂളിന്റെ മറ്റ് വശങ്ങളിലും സമാനമായ രീതിയിൽ മതിൽ ഉണ്ട്. ചെങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ച മതിൽ മഴയിൽ കുതിർന്ന് തകർന്നു വീഴുകയായിരുന്നു. മതിൽ പുതുക്കി പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വർഷങ്ങൾ പഴക്കമുള്ള മതിൽ പുനർനിർമ്മിക്കാൻ അധികൃതരോ പഞ്ചായത്തോ തയ്യാറായില്ല എന്ന പരാതികളും ശക്തമാണ്.
കനത്ത മഴയെ തുടർന്ന് ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളാ തീരത്ത് 50 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മീൻപിടിത്തതിനുള്ള വിലക്ക് തുടരുകയാണ്. മലയോര മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ കണക്കിലെടുക്കണമെന്നും അധികൃതരുടെ നിർദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam