
കോഴിക്കോട്: കുതിരവട്ടം മാനസ്സികാരോഗ്യ കേന്ദ്രത്തിൽ (Kuthiravattam Mental Health Centre) നിന്ന് ചാടിപ്പോയ സ്ത്രീയെ കണ്ടെത്തി. മലപ്പുറത്തുനിന്നാണ് (Malappuram) കണ്ടെത്തിയത്. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊലപാതകം നടന്ന വാർഡിലാണ് വീണ്ടും ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായിരിക്കുന്നത്. ചുമര് തുരന്ന് അന്തേവാസിയായ വനിത ചാടിപ്പോകുകയായിരുന്നു.
മറ്റൊരു വാർഡിൽ നിന്ന് ഒരു പുരുഷനും ചാടിപ്പോയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡ് നിന്ന് തന്നെ സ്ത്രീ ചാടിപ്പോയത് വലിയ സുരക്ഷ വീഴ്ചയാണ് വ്യക്തമാക്കുന്നത്. പഴയ കെട്ടിടത്തിൻ്റെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. രാവിലെ അഞ്ചരയ്ക്കാണ് സംഭവം. രാവിലെ ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ ഓടിപ്പോയത്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊലപാതകത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് അഡീഷണൽ ഡി എം ഒ ഇന്ന് ഡി എം ഒ യ്ക്ക് റിപ്പോർട്ട് നൽകും. ആരോഗ്യ വകുപ്പ് അഡീഷണൽ ഡിഎം ഒ യുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് ഇന്ന് കൈമാറും. ഇക്കഴിഞ്ഞ ബുധനാഴ്ച കൊലപാതകം നടന്നിട്ടും ആശുപത്രി അധികൃതർ ഇതറിഞ്ഞത് വ്യാഴാഴ്ച പുലർച്ചെ മാത്രമാണ്. തർക്കമുണ്ടായ ഉടൻ ഒരാളെ മറ്റൊരു സെല്ലിലേക്ക് മാറ്റി എന്ന് മാനസിക ആരോഗ്യ കേന്ദ്രം അധികൃതർ പറയുന്നുണ്ട്. കൂടെ ഉണ്ടായിരുന്ന മഹാരാഷ്ട്രക്കാരിയെ എന്തുകൊണ്ട് പരിശോധിച്ചില്ല എന്ന ചോദ്യമാണ് ഉയരുന്നത്. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്നാണ് വിമർശനം. ഇതുൾപ്പടെയുള്ള കാര്യങ്ങളാണ് ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നത്. ഇതിൻ്റെ ഭാഗമായി സംഭവം നടന്ന ദിവസം ജോലിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തും. മറ്റ് അന്തേവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും.
സുരക്ഷാ ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമായി തന്നെയാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. പ്രതിയായ അന്തേവാസിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇതിനു മുന്നോടിയായി ഇവരുടെ മാനസിക നിലയയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഡോക്ടർ ഇന്ന് പൊലീസിന് കൈമാറും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam