
കൊച്ചി: സി കാറ്റഗറിയിലുള്ള ജില്ലകളില്‍ സിനിമാ തിയറ്ററുകള്‍ (Cinema Theatre) പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ (Kerala Government) ഹൈക്കോടതിയില്‍. അടച്ചിട്ട എസി ഹാളുകളില്‍ ആളുകള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂറിലധികം ചെലവഴിക്കുന്നത് കൊവിഡ് വ്യാപനസാധ്യത വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിയറ്ററുകളോട് സര്‍ക്കാര്‍ വിവേചനം കാണിച്ചിട്ടില്ല. മാളുകളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാളുകളിലും മറ്റും ആള്‍ക്കൂട്ടമുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാന്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ്മാരെ നിയോഗിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. സ്വിമ്മിങ് പൂളുകളിലും ജിമ്മുകളിലും കൊവിഡ് വ്യാപന സാധ്യത കൂടുതലാണെന്നും സര്‍ക്കാരിന്റെ വിശദീകരിച്ചു. തിയറ്ററുകള്‍ക്കും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പൊതുജനാരോഗ്യം കണക്കിലെടുത്തെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സി കാറ്റഗറി ജില്ലകളിലെ തിയറ്ററുകള്‍ അടച്ചിടുന്നതിനെതിരെ തിയറ്ററുടമകള്‍ രംഗത്തെത്തിയിരുന്നു.