
ഇടുക്കി: ഉപ്പുകുന്നിൽ പുരാവസ്തു മോഷണത്തിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. നടരാജ വിഗ്രഹം, പഴയ റേഡിയോ, ടെലിവിഷനുകൾ എന്നിവ കവർന്നതിനാണ് അറസ്റ്റ്. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഉപ്പുകുന്ന് സ്വദേശി ജോൺസന്‍റെ വീട്ടിൽ നിന്നാണ് സംഘം പുരാവസ്തുക്കൾ കവർന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ജോൺസന്റെ വീട്ടിൽ വലിയ പുരാവസ്തു ശേഖരമുണ്ട്. ഇതിൽ നല്ലൊരു ഭാഗവും പറമ്പിന്‍റെ ഒരറ്റത്തുള്ള പഴയ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. ഈ ഭാഗത്ത് ആൾ താമസമില്ല. ഇവിടെ നിന്നാണ് കഴിഞ്ഞ 19ന് പുരാവസ്തുക്കൾ മോഷണം പോയത്. നഷ്ടപ്പെട്ട സാധനങ്ങൾക്ക് ലക്ഷങ്ങൾ വിലവരും.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇടുക്കി കരിമണ്ണൂർ സ്വദേശികളായ വിഷ്ണു ബാബു, പ്രശാന്ത്, രാഖേഷ്, സനീഷ്, സുധി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ വിഷ്ണു സിപിഎം ഇടുക്കി പന്നൂർ ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്ഐയുടെ ജില്ല വൈസ് പ്രസിഡന്‍റുമാണ്.
പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് വിഷ്ണുവിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി അറിയിച്ചു. കവർച്ചയ്ക്ക് പിന്നിൽ അന്തർ സംസ്ഥാന മോഷണ സംഘങ്ങളുടെ ഇടപെടലുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam