സ്വന്തം ഭൂമി വിറ്റ് കോൺഗ്രസിനെ വളർത്തി; 100 സീറ്റിലെത്തിച്ചു; 17 ഏക്കറിൽ അവശേഷിച്ചത് 11 സെൻ്റ് മാത്രം

Published : Jun 06, 2025, 12:53 PM IST
Thennala Balakrishna Pilla

Synopsis

കോൺഗ്രസിൻ്റെ ബൂത്ത് പ്രസിഡൻ്റിൽ നിന്ന് സംസ്ഥാനത്തെ അമരക്കാരനിലേക്ക് വളർന്ന തെന്നല അഴിമതിക്കറ പുരളാത്ത ആദർശ ധീരനായാണ് അറിയപ്പെടുന്നത്

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാനത്തെ കാരണവർ സ്ഥാനത്തിരുന്നാണ് ചരിത്രത്താളുകളിൽ നേരിൻ്റെ തെളിമയുള്ള മുഖമായി തെന്നല ബാലകൃഷ്‌ണ പിള്ള മായുന്നത്. ശൂരനാട്ടെ കോൺഗ്രസിൻ്റെ ബൂത്ത് പ്രസിഡൻ്റായി രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം കെപിസിസി പ്രസിഡൻ്റ് സ്ഥാനം വരെയെത്തി. നാടിൻ്റെ ശബ്ദമായി പാർലമെൻ്റിലും തിളങ്ങി. രാഷ്ട്രീയ ജീവിതം ആരംഭിക്കുമ്പോൾ 17 ഏക്കർ ഭൂമിയുടെ ഉടമയായിരുന്നെങ്കിലും ഓരോ ഘട്ടത്തിലായി പാർട്ടിക്ക് വേണ്ടി സ്വത്തുക്കൾ വിറ്റു. ഒടുവിൽ രാഷ്ട്രീയ നേതാവിൻ്റെ കുപ്പായം അഴിച്ചുവെച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോൾ 11 സെൻ്റ് ഭൂമി മാത്രമാണ് അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നത്.

പാർട്ടിയിലെ സൗമ്യ മുഖമായിരുന്നു തെന്നല ബാലകൃഷ്‌ണപിള്ള. പാർട്ടി സംസ്ഥാനത്ത് 100 ലധികം നിയമസഭാ സീറ്റുകളിൽ ജയിച്ച് അധികാരം പിടിച്ച സമയത്ത് കെപിസിസിയുടെ അമരക്കാരനായിരുന്നു അദ്ദേഹം. കൊല്ലം ശൂരനാട്ടെ സമ്പന്ന കുടുംബത്തിലായിരുന്നു അദ്ദേഹത്തിൻ്റെ ജനനം. കോണ്‍ഗ്രസില്‍ പുളിക്കുളം ബൂത്ത് പ്രസിഡ‍ന്‍റായി രാഷ്ട്രീയത്തിന് തുടക്കം. പിന്നീട് പടിപടിയായി മണ്ഡലം, ബ്ലോക്ക്, ഡിസിസി അധ്യക്ഷ പദവികളിലേക്ക്. 

അഞ്ചു തവണ അടൂരില്‍ മത്സരിച്ചു. രണ്ടു തവണ എംഎല്‍എയായി. മൂന്നു തവണ രാജ്യസഭാ സീറ്റുകിട്ടി. രണ്ടുപ്രാവശ്യം കെപിസിസി അധ്യക്ഷനായി. സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടി ഗ്രൂപ്പു പോരില്‍ ശ്വാസം മുട്ടിയപ്പോൾ ജീവശ്വാസം പകര്‍ന്ന നേതാവായിരുന്നു അദ്ദേഹം. വെട്ടുംകുത്തും നിറഞ്ഞാടിയ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറിവുണക്കാന്‍ കുറിക്കപ്പെട്ട മരുന്നായാണ് പാർട്ടി നേതാക്കൾ ഇന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

2001 ല്‍ നൂറുസീറ്റ് നേടി യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ പാര്‍ട്ടി അധ്യക്ഷ കസേരയില്‍ തെന്നലയായിരുന്നു ഉണ്ടായിരുന്നത്. ആന്‍റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ കരുണാകരന്‍ മുന്നോട്ടുവച്ച ഫോര്‍മുലയില്‍ കെ മുരളീധരന്‍ കെപിസിസി അധ്യക്ഷനായി. ഒരു നന്ദിപോലും പറയാതെ അധ്യക്ഷ കസേരയില്‍നിന്ന് ഇറക്കിവിട്ടതാണ് ചരിത്രത്തില്‍ തെന്നലയോട് കോണ്‍ഗ്രസ് ചെയ്ത നന്ദികേട്. 

പക്ഷേ 2004 ല്‍ വീണ്ടും പ്രസിഡന്‍റാക്കി അതിന് പ്രായശ്ചിത്തം ചെയ്തു. ഒരിക്കലും ഒന്നിലും പരാതിയുണ്ടായിരുന്നില്ല തെന്നലയ്ക്ക്. 1982 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് എംപി ഗംഗാധരന്‍ രാജിവച്ചപ്പോള്‍ തെന്നല മന്ത്രിയാകേണ്ടതായിരുന്നു. അന്ന് രമേശ് ചെന്നിത്തലക്കായി കെ കരുണാകരന്‍ വഴിവെട്ടി. പിന്നീട് 1991 ല്‍ രാജ്യസഭാ സീറ്റു നല്‍കി ആ കടവും കോണ്‍ഗ്രസ് വീട്ടി. ത്യാഗപൂര്‍ണവും ആദര്‍ശധീരവുമായൊരു രാഷ്ട്രീയ യാത്രയ്ക്ക് സമാപനം.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ