മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിന്റെ അന്തിമവാദം ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. സമയക്കുറവ് മൂലം പരിഗണിക്കാനായില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹർജികൾ ഏപ്രിൽ 23-ന് പരിഗണിക്കുമെന്ന് അറിയിച്ചു

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നും പരിഗണിച്ചില്ല. അന്തിമ വാദം ഇന്നുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും സമയക്കുറവ് മൂലം ഇന്ന് ഹർജി പരിഗണിക്കാനായില്ല. വാദം ഏപ്രിൽ 23 ലേക്ക് മാറ്റുകയും ചെയ്തു. ഹർജി ജസ്റ്റിസ് അനൂപ് ബംബാനിയുടെ ബെഞ്ചിന് മുൻപാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തിരിന്നത്. കഴിഞ്ഞ ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ് എഫ് ഐ ഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് അന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് മാറ്റിയത്.

'കേസ് സീരിയസായി കാണുന്നില്ല'

അതേസമയം കേസ് പരിഗണനയ്ക്ക് എത്തിയിട്ടും പലക്കുറിയും മാറിപ്പോകുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്ര സർക്കാർ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് എസ് എഫ് ഐ ഒയും സി എം ആര്‍ എല്ലും നേരത്തെ ആരോപിച്ചിരുന്നു. സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ലെന്ന് സി എം ആര്‍ എല്ലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കഴിഞ്ഞ തവണ പരിഹസിച്ചിരുന്നു.