70 കിലോമീറ്ററിന് പകരം 200 കി.മി കറങ്ങി; പിടിക്കപ്പെടാതിരിക്കാൻ വൻ പദ്ധതി, ആരുമറിയാതെ താമസ സ്ഥലത്തെത്തി പൊക്കി

Published : Mar 16, 2024, 12:51 AM IST
70 കിലോമീറ്ററിന് പകരം 200 കി.മി കറങ്ങി; പിടിക്കപ്പെടാതിരിക്കാൻ വൻ പദ്ധതി, ആരുമറിയാതെ താമസ സ്ഥലത്തെത്തി പൊക്കി

Synopsis

2600 കുടംബങ്ങൾ താമസിക്കുന്ന വെള്ളല്ലൂർ ഹൗസിങ് അപ്പാർട്ട്മെന്റിൽ നിന്നും ഒരു പ്രതിയെ തിരിച്ചറിയുകയെന്നത് ഏറെ പ്രയാസകരമായിരുന്നു. വളരെ സാഹസികമായാണ് കസബ പൊലീസിലെ ഉദ്യോഗസ്ഥർ ഇവിടെ ബൈക്കിലെത്തിയത്.  

പാലക്കാട്: വയോധികയുടെ സ്വർണമാല കവർന്ന കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവ് പിടിയിലായി. പോത്തനൂർ വെള്ളല്ലൂർ ഹൗസിങ്ങ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന സമീറിനെയാണ് (19) പാലക്കാട് കസബ പൊലീസ് പിടികൂടിയത്.  എലപുള്ളി എടുപ്പുകുളം ഭാഗത്ത് കഴിഞ്ഞ വർഷം നവംബറിലാണ് 70 വയസുകാരിയുടെ ഒന്നര പവൻ തൂക്കമുള്ള സ്വർണ്ണമാല മോഷ്ടിക്കപ്പെട്ടത്. 

തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ ഉൾപ്രദേശങ്ങളിൽ എത്തുകയും പ്രായമായവരെ പിൻതുടർന്ന് മാല പൊട്ടിച്ച് വളരെ വേഗം അതിർത്തി കടക്കുകയുമായിരുന്നു ഇയാളുടെ രീതി. 70 കിലോ മീറ്റർ യാത്ര ചെയ്താൽ ഇവരുടെ താമസ സ്ഥലത്ത് എത്താമെങ്കിലും മാല പൊട്ടിച്ച ശേഷം 200 കിലോമീറ്റർ പല വഴികളിലൂടെ യാത്ര ചെയ്താണ് തിരിച്ചെത്തിയത്. ഒരിക്കലും പിടിക്കപ്പെടാതിരിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളുടെ തിരിച്ചറിയാൻ കഴിയാത്ത ചിത്രം പോലീസിന് ലഭിച്ചത്. 

കിട്ടിയ സിസിടിവി ചിത്രം വികസിപ്പിച്ച് മാസങ്ങളോളം അന്വേഷണം നടത്തിയാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ബൈക്കിൽ  നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് കേരളത്തിലേക്ക് വന്നത്. 2600 കുടംബങ്ങൾ താമസിക്കുന്ന വെള്ളല്ലൂർ ഹൗസിങ് അപ്പാർട്ട്മെന്റിൽ നിന്നും ഒരു പ്രതിയെ തിരിച്ചറിയുകയെന്നത് ഏറെ പ്രയാസകരമായിരുന്നു.   പ്രതികളെ കോളനിക്കാർ വിട്ടുകൊടുക്കാറില്ലെന്നതിനാൽ തമിഴ്നാട് പോലീസ് പോലും അവിടെ നിന്ന് പ്രതികളെ പിടികൂടാൻ മടിക്കാറുണ്ട്.  

വളരെ സാഹസികമായാണ് കസബ പൊലീസിലെ ഉദ്യോഗസ്ഥർ ഇവിടെ ബൈക്കിലെത്തിയത്.  പോലീസാണെന്ന് മനസിലാവും മുമ്പ് പ്രതിയെ പുറത്ത് എത്തിക്കുകയുമായിരിന്നു. കോയമ്പത്തൂർ ടൗണിൽ പലയിടങ്ങളിലായി താമസിച്ചവരെ  90 ഓളം ഫ്ളാറ്റുകളിലാണ് ഇവിടെ തമിഴ്നാട് സർക്കാർ താമസിപ്പിച്ചിരിക്കുന്നത്. പല സംസ്ഥാനങ്ങളിൽ നിന്നും വിവിധ കേസുകളിൽ പ്രതികളെ തിരഞ്ഞ് ഇവിടെ എത്താറുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

പാലക്കാട് കസബ ഇൻസ്പെക്ടർ വി.വിജയരാജൻ, എസ് ഐ ഹർഷാദ്.എച്ച്, അനിൽകുമാർ ഇ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ രാജീദ്.ആർ, ജയപ്രകാശ് എസ്, സെന്തിൽകുമാർ.വി, സായുജ് എൻ, മാർട്ടിൻ, സിവിൽ പോലീസ് ഓഫീസർ ശ്രീക്കുട്ടി കെ,സി എന്നിവരാണ് കേസന്വേഷണം നടത്തുന്നത്. 

കസബ മുൻ ഇൻസ്പെക്ടർ രാജീവ്. എൻ.എസ്, എസ് ഐ രാജേഷ് സി,കെ എന്നിവരുടെ ശ്രമത്തിന്റെ  ഫലമായാണ് പ്രതികളിലേക്ക് വേഗത്തിൽ എത്തിയത്. കേസിൽ ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറ‌ഞ്ഞു. മോഷണത്തിനായി ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെത്തി. തെളിവെടുപ്പ് നടത്തിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  കൂടുതൽ കേസുകൾ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി, ഉത്തരവ് മറ്റന്നാള്‍
ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി