Thikkodi Murder : 'കൃഷ്ണപ്രിയക്കെതിരെ സോഷ്യല്‍മീഡിയയില്‍ മോശം പ്രചരണം'; പരാതിയുമായി കുടുംബം

By Web TeamFirst Published Dec 24, 2021, 2:16 PM IST
Highlights

നേരത്തെ പ്രതി വീട്ടില്‍ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ റെക്കോഡ് ചെയ്തത് ഇപ്പോൾ ചില ഓൺലൈന്‍ മാധ്യമങ്ങൾ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും കൃഷ്ണപ്രിയയുടെ അച്ഛന്‍ പറഞ്ഞു.

കോഴിക്കോട്: കൃഷ്ണപ്രിയയുടെയും നന്ദകുമാറിന്‍റെയും മരണത്തിന് ശേഷവും ക്രൂരമായ വിദ്വേഷപ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നതെന്ന് കുടുംബത്തിന്‍റെ പരാതി. നേരത്തെ നന്ദു വീട്ടില്‍ വന്ന ദിവസം പ്രശ്നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങൾ റെക്കോഡ് ചെയ്തത് ഇപ്പോൾ ചില ഓൺലൈന്‍ മാധ്യമങ്ങൾ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും കൃഷ്ണപ്രിയയുടെ അച്ഛന്‍ മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.

കേരളത്തിന് നടുക്കമായി ഡിസംബർ 17ന് രാവിലെയാണ് കോഴിക്കോട് തിക്കോടിയില്‍ പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നത്. തിക്കോടി സ്വദേശി കൃഷ്ണപ്രിയയാണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച യുവാവ് നന്ദകുമാറും പിന്നീട് മരിച്ചു. പ്രണയത്തില്‍ നിന്നും കൃഷ്ണപ്രിയ പിന്തിരിഞ്ഞതാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി.

Also Read: ഒരുങ്ങാൻ പാടില്ല, മുടി ഇങ്ങനെ കെട്ടണം, തെറിവിളി; കൃഷ്ണപ്രിയ നേരിട്ടത് വലിയ മാനസികപീഡനം, ജീവനെടുത്ത് പ്രണയപ്പക

തിക്കോടി കാട്ടുവയല്‍ സ്വദേശി മനോജന്‍റെ മകളാണ് ഇരുപത്തിരണ്ടുകാരിയായ കൃഷ്ണപ്രിയ. ആക്രമണം നടക്കുന്നതിന് ദിവസങ്ങൾക്ക് മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി താല്‍കാലിക ജോലിക്ക് കയറിയത്. പ്രതിയായ നന്ദകുമാർ പള്ളിത്താഴം സ്വദേശിയാണ്.

ഇരുവർക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ കൃഷ്ണപ്രിയ മരണത്തിന് കീഴടങ്ങി. ശനിയാഴ്ച പുലർച്ചെ നന്ദകുമാറും മരിച്ചു. കൃഷ്ണപ്രിയയുടെ മൊഴി രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റ് ശ്രമിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കാനായില്ല. കൃഷ്ണപ്രിയ പ്രണയത്തില്‍നിന്ന് പിന്തിരിഞ്ഞതാണ് ആക്രമിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് നന്ദകുമാർ ചികിത്സയിലിരിക്കേ പൊൊലീസിന് നല്‍കിയ മൊഴി.

 

click me!