
തിരുവനന്തപുരം : "ഡിയറസ്റ്റ് യൂസഫലി സര്‍, എന്‍റെ പേര് ഇഹ്സാന്‍. മൂന്നാം ക്ലാസില്‍ പഠിയ്ക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതിനാല്‍ എനിക്ക് പുതിയ ഇന്‍സുലിന്‍ പമ്പ് വാങ്ങി നല്‍കാന്‍ മാതാപിതാക്കള്‍ കഷ്ടപ്പെടുകയാണ്. താങ്കൾ തിരുവനന്തപുരത്തെത്തുമ്പോള്‍ നേരിട്ട് കാണാന്‍ അവസരം നല്‍കുമോ. എത്രയും സ്നേഹം നിറഞ്ഞ ഇഹ്സാന്‍."
കാര്യവട്ടം സ്വദേശിയും ഷിഹാബുദീന്‍ - ബുഷ്റ ദമ്പതികളുടെ ഏക മകനുമായ ഇഹ്സാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയ്ക്ക് എഴുതിയ കത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. ഇഹ്സാന്‍റെ ഈ കത്തിന് ഒട്ടും കാലതാമസമില്ലാതെ യൂസഫലിയുടെ മറുപടിയെത്തി. ഇഹ്സാന് പുതിയ ഇന്‍സുലിന്‍ പമ്പ് വീട്ടിലെത്തിച്ച് നല്‍കി. യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദനാണ് ഇന്‍സുലിന്‍ പമ്പ് ഇഹസാന് സമ്മാനിച്ചത്.
രണ്ടര വയസ്സുള്ളപ്പോഴാണ് ഇഹ്സാന് ടൈപ് വണ്‍ ഡയബറ്റിസ് സ്ഥിരീകരിച്ചത്. അന്ന് മുതല്‍ ഇന്‍സുലിന്‍ പമ്പ് ഉപയോഗിച്ച് വരികയായിരുന്നു. ഇത് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമല്ലാതായതിനാല്‍ പുതിയ പമ്പ് വാങ്ങാന്‍ കുടുംബം ഏറെ ശ്രമിച്ചു. പ്രമേഹ ബാധിതന്‍റെ ശരീരത്തില്‍ ഘടിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിയ്ക്കുന്ന പമ്പിന് 6 ലക്ഷം രൂപയാണ് വില.
എന്നാല്‍ ഇത് വാങ്ങി നല്‍കാന്‍ സാമ്പത്തികബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിരുന്നെന്നും തുടര്‍ന്നാണ് മകന്‍ തന്നെ യൂസഫലിക്ക് കത്തെഴുതാമെന്ന് പറഞ്ഞതെന്നും അച്ഛന്‍ ഷിഹാബുദീന്‍ പറഞ്ഞു. ഇഹ്സാന്‍റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ യൂസഫലി വേഗം തന്നെ ഇന്‍സുലിന്‍ പമ്പ് വാങ്ങി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇഹ്സാനെ ചികിത്സിച്ച് വരുന്ന ഡോ.ഷീജ മാധവന്‍റെ അഭിപ്രായം തേടിയ ശേഷമാണ് ഇന്‍സുലിന് പമ്പ് വാങ്ങി നല്‍കിയത്. റംസാന്‍ കാലത്ത് ലഭിച്ച ഏറ്റവും വലിയ സന്തോഷമാണിതെന്ന് പ്രതികരിച്ച കുടുംബം യൂസഫലിയ്ക്ക് നന്ദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam