'മഴയെത്തും മുൻപെ'; കൊച്ചിയിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ മൂന്നാം ഘട്ടം തുടങ്ങുന്നു

By Web TeamFirst Published Apr 12, 2021, 12:01 AM IST
Highlights

പത്തു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഏഴു പദ്ധതികളാണ് നടപ്പാക്കേണ്ടത്

കൊച്ചി: കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്‍റെ അടുത്ത ഘട്ടം തുടങ്ങാൻ ജില്ല കളക്ടർ അടിയന്തിര യോഗം വിളിച്ചു. അഞ്ച് പദ്ധതികൾ ഉടൻ തുടങ്ങാനാണ് ജില്ല ഭരണകൂടത്തിന്‍റെ തീരുമാനം. തെരഞ്ഞെടുപ്പ് തിരക്കുമൂലം വൈകിയ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ കഴിയുന്നതും വേഗത്തിലാക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ നീക്കം.

2019-ലെ ഉപതിരഞ്ഞെടുപ്പു ദിവസമുണ്ടായ കനത്ത മഴയിൽ നഗരം വെള്ളത്തിലായപ്പോൾ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നേരിട്ടാരംഭിച്ചതാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ. കളക്ടർ നേരിട്ട് നടത്തിയ പദ്ധതി പിന്നീട് ഹൈക്കോടതിയുടെ അംഗീകാരത്തോടെ വിപുലമാക്കി. രണ്ടു ഘട്ടങ്ങളിലായി 45 ഓളം പ്രവർത്തികളാണ് ഇതിനകം പൂർത്തിയാക്കിയത്. പതിനഞ്ച് കോടിയോളം രൂപ ഇതിനായി ചെലവാക്കി.

വേനൽ കടുത്തതോടെ നഗരത്തിലെ കാനകളിലും കനാലുകളിലും നീരൊഴുക്ക് തടസ്സപ്പെട്ടു കഴിഞ്ഞു. കനാലിലെ മാലിന്യവും പായലും നീക്കം ചെയ്തില്ലെങ്കിൽ സ്ഥിതി മുമ്പത്തേക്കാൾ ഗുരുതരമാകും. നഗരസഭ ചെയ്യുന്ന ജോലികൾക്കൊപ്പം ഇതു കൂടി പൂർത്തിയായാലേ വെള്ളക്കെട്ടിന് ഒരു പരിധി വരെയെങ്കിലും പരിഹാരമാകുകയുളളൂവെന്ന് കൊച്ചി മേയർ എം അനിൽ കുമാർ വ്യക്തമാക്കി.

ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്‍റെ മൂന്നാം ഘട്ടമാണ് ഇനി നടപ്പാക്കേണ്ടത്. ഇതിനായി പത്തു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഏഴു പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കേണ്ടത്.

click me!