
കൊച്ചി: തൃക്കാക്കരയിൽ നേതൃത്വവുമായി ഉടക്കി നിൽക്കുന്ന ആംആദ്മി പാർട്ടി അനുയായികളുടെ ബദൽ നീക്കം. വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥിയെ പിന്തുണക്കാനാണ് അരവിന്ദ് കേജ്‍രിവാൾ ഫാൻസ് ക്ലബ് എന്ന കൂട്ടായ്മയുടെ തീരുമാനം. കൂട്ടായ്മയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ആംആദ്മി സംസ്ഥാന കൺവീനർ പി സി സിറിയക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ട്വന്റി ട്വന്റി കഴിഞ്ഞ തവണ തൃക്കാക്കരയിൽ നേടിയത് 13897 വോട്ടാണ്. 2014 ലോക്സഭാ തെരെഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കായി എറണാകുളത്ത് മല്‍സരിച്ച അനിതാ പ്രതാപ് തൃക്കാക്കര മേഖലയില്‍ നിന്ന് നേടിയത് 9000 ത്തിലേറെ വോട്ടായിരുന്നു. ഈ വോട്ടുകൾ ഒന്നിച്ച് പെട്ടിയിലാക്കാനാണ് കെജ്രിവാൾ ഫാൻസ് ക്ലബിന്റെ ശ്രമം.
സംയുക്ത സ്ഥാനാർത്ഥി വേണ്ടെന്ന് ആം ആദ്മി നേതൃത്വം തീരുമാനിച്ചതോടെയാണ് ബദല്‍ നീക്കം. പാർട്ടി കേന്ദ്ര നേതൃത്വവുമായി അടുപ്പമുളള വിൻസന്റ് ഫിലിപ്പിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു വിമതരുടെ നീക്കം. എന്നാൽ വിന്‍സന്‍റ് പിന്‍മാറി. ഇതോടെയാണ് വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാനുള്ള തീരുമാനം.
ആംആദ്മിയുമായി ബന്ധമില്ലെന്നും പക്ഷേ പിന്തുണ വലിയ പ്രതീക്ഷയാണെന്നും വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർത്ഥി ബോസ്കോ കളമശേരി പ്രതികരിച്ചു. എന്നാല്‍ കെജ്രിവാളിന്‍റെ പേരുപയോഗിച്ച് നടത്തുന്ന വിമത നീക്കങ്ങളുമായി പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന് ആം ആദ്മി സംസ്ഥാന നേതൃത്വം പറയുന്നു. വിമതരുമായി സഹകരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആംആദ്മി സംസ്ഥാന കൺവീനർ പി സി സിറിയക് വ്യക്തമാക്കി.