തിരുമലയിൽ റസിഡന്‍സ് അസോസിയേഷൻ പ്രസിഡന്‍റിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി; റോഡിൽ കിടന്ന് പ്രതിഷേധം

By Web TeamFirst Published Oct 19, 2020, 9:20 PM IST
Highlights

തിരുമലയിലെ കൈരളി ലൈനിൽ വീടുകളിൽ നമ്പർ എഴുതുന്നതിനിടെ റസിഡന്‍റ് അസോസിയേഷൻ പ്രസിഡന്‍റായ സാലുവിനെ പൂജപ്പുര സ്റ്റേഷനിൽ നിന്നെത്തിയ പെലീസുകാരൻ മർദ്ദിച്ചുവെന്നാണ് പരാതി. 

തിരുവനന്തപുരം: തിരുമലയിൽ റസിഡന്‍സ് അസോസിയേഷൻ പ്രസിഡന്‍റിനെ പൊലീസ് മർദ്ദിച്ചതായി പരാതി. മർദ്ദനമേറ്റെന്നാരോപിച്ച് റസിഡന്‍റ് പ്രസിഡന്‍റ് സാലു റോഡിൽ കിടന്ന് പ്രതിഷേധിച്ചു. എന്നാൽ റസിഡൻസ് അസോസിയേഷനുകൾ തമ്മിലുള്ള പ്രശ്നം മാത്രമാണെന്നും പൊലീസ് സാലുവിനെ മർദ്ധിച്ചിട്ടില്ലെന്നുമാണ് പൂജപ്പുര സി ഐ പറയുന്നത്.

തിരുമലയിലെ കൈരളി ലൈനിൽ വീടുകളിൽ നമ്പർ എഴുതുന്നതിനിടെ റസിഡന്‍റ് അസോസിയേഷൻ പ്രസിഡന്‍റായ സാലുവിനെ പൂജപ്പുര സ്റ്റേഷനിൽ നിന്നെത്തിയ പെലീസുകാരൻ മർദ്ദിച്ചുവെന്നാണ് പരാതി. വീടുകളിൽ നമ്പർ എഴുതുന്നതുമായി ബന്ധപ്പെട്ട് രണ്ട് റസിഡൻസ് അസോസിയേഷനുകൾ തമ്മിൽ തർക്കമുണ്ടായി. ഇത് പരിഹരിക്കാൻ എത്തിയ പൊലീസുകാരിൽ ഒരാളാണ് മർദിച്ചതെന്ന് ഇയാൾ പറയുന്നു.

നടപടി വേണമെന്നാവശ്യപ്പെട്ട് ഒരു മണിക്കൂറോളം സാലു റോഡിൽ കിടന്ന് പ്രതിഷേധിച്ചു. തുടർന്ന് പൂജപ്പുര സിഐ നടത്തിയ ചർച്ചക്കൊടുവിൽ സാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മർദിച്ചുവെന്ന ആരോപണം  പൂജപ്പുര പൊലിസ്  നിഷേധിച്ചു.   പ്രദേശത്ത് നിരന്തരം തർക്കമുണ്ടാവുന്ന സാഹചര്യത്തിൽ ഇരു കൂട്ടരുടെയും റസിഡൻസ് അസോസിയേഷൻ രജിസ്ട്രേഷൻ റദ്ധാക്കാനാണ് പൊലീസ് നീക്കം.
 

click me!