
പത്തനംതിട്ട: പൊലീസ് സഹായി തിരുവല്ല സ്വദേശി സോമൻ്റെ ചികിത്സാ ചെലവുകൾ തിരുവല്ല എംഎൽഎയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും. വിവിധ സന്നദ്ധ സംഘടനകളെയും ആളുകളെയും ഉൾപ്പെടുത്തിയാണ് ചികിത്സ ചെലവുകൾ ഏറ്റെടുക്കുന്നത്. മൃതദേഹം എടുക്കുന്നതിനിടയിൽ കാലിൽ മുള്ള് കൊണ്ട് അണുബാധയേറ്റാണ് സോമൻ ആശുപത്രിയിലായത്. ഇക്കാര്യം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
പൊലീസുകാരനല്ലെങ്കിലും കേരള പൊലീസിനായി ജീവിതമുഴിഞ്ഞുവെച്ച ആളാണ് സോമൻ. ഇലന്തൂർ നരബലി പോലെ നാടുനടുങ്ങിയ കൊലപാതക കേസുകളിൽ പൊലീസിനായി മൃതദേഹങ്ങൾ പുറത്തെടുത്തയാളാണ് അദ്ദേഹം. അഴുകിയതും പുഴുവരിച്ചതും ആരും തൊടാൻ മടിക്കുന്നതുമായ മൃതദേഹങ്ങൾ പോലും സോമൻ പുറത്തെടുക്കും. അങ്ങനെ ജോലി ചെയ്യുന്നതിനിടെ ഇക്കഴിഞ്ഞ ജൂൺ രണ്ടാം തീയതിയാണ് പരിക്കേൽക്കുന്നത്. പത്തനംതിട്ട ചന്ദപള്ളിയിൽ പുഴുവരിച്ച മൃതദേഹം പുറത്തെടുക്കുന്നതിനിടെ കാലിൽ മുള്ള് തറച്ചു. അത് പിന്നീട് ഗുരുതര അണുബാധയായി. ഇതിനോടകം നാലുതവണ ശസ്ത്രക്രിയ നടത്തി. ഗുരുതര അണുബാധയെ തുടർന്ന് നിലവിൽ സോമൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സോമന്‍റെ ദുരിതം കണ്ടറിഞ്ഞ് പൊലീസുകാർ ഒന്നേകാൽ ലക്ഷം രൂപ സമാഹരിച്ചു നൽകി. മറ്റു പലരും നൽകിയ സഹായത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam