Asianet News MalayalamAsianet News Malayalam

സിപിഎമ്മിൻ്റെ വഴിതടയൽ സമരം തടഞ്ഞിരുന്നെങ്കിൽ ജോജുവിൻ്റെ അനുശോചനയോഗം നടത്തേണ്ടി വരുമായിരുന്നു: കെ.സുധാകരൻ

ധനമന്ത്രിയുടെ വൈദഗ്ദ്ധ്യം ആർക്കും അറിയേണ്ട കാര്യമില്ല. പെട്രോളിനും ഡീസലിനും വില കുറയ്ക്കുമേ എന്നാണ് അറിയേണ്ടത്. 

K Sudhakaran against Joju George
Author
Kannur, First Published Nov 6, 2021, 1:18 PM IST

കണ്ണൂർ: ഇന്ധന വിലവർധയിൽ സംസ്ഥാന സർക്കാരിനെതിരെ സമരമുഖം തുറന്ന് കോൺ​ഗ്രസ് (Congress). ചക്രസ്തംഭന സമരം എന്ന പേരിൽ സംസ്ഥാന സ‍ർക്കാരിനെതിരെ നവംബ‍ർ എട്ടിനാണ് സമരം നടത്തുക. അന്നേദിവസം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സമരം നടക്കും. സമരത്തിൻ്റെ ഭാ​ഗമായി വാഹനങ്ങൾ തടയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ (KPCC Chief K.Sudhakaran) പറഞ്ഞു. 

കൊച്ചിയിലെ വഴി തടയൽ സമരത്തിൽ നടൻ ജോജു ജോ‍‍ർജിനെതിരെ (JoJu George) രൂക്ഷവിമ‍ർശനമാണ് ഇന്നും കെ.സുധാകരൻ നടത്തിയത്. സിപിഎം നടത്തിയ സമരമാണ്  ജോജു തടയാൻ പോയതെങ്കിൽ അയാളുടെ അനുശോചന യോഗം നടത്തേണ്ടി വന്നേനെയെന്നും വാഹനത്തിൻ്റെ ചില്ല് പൊളിക്കുന്നതൊന്നും വലിയ കാര്യമല്ലെന്നും പറഞ്ഞ കെ.സുധാകരൻ സിപിഎമ്മിൻ്റെ സമരമായിരുന്നെങ്കിൽ ജോജു പോകുമായിരുന്നോ എന്നും ചോദിച്ചു. കാ‍‍ർ തക‍ർത്ത കേസിലെ പ്രതിയായ കോൺ​ഗ്രസ് പ്രവ‍ർത്തകൻ്റെ ജാമ്യാപേക്ഷയിൽ ജോജു കക്ഷി ചേ‍ർന്ന സാഹചര്യത്തിലാണ് സുധാകകരൻ്റെ രൂക്ഷവിമ‍ർശനം. ഇതോടെ വിഷയത്തിൽ ഒത്തുതീ‍ർപ്പ് സാധ്യതകൾ ഇല്ലാതായി. 

കെ.സുധാകരൻ്റെ വാക്കുകൾ - 

ധനമന്ത്രിയുടെ വൈദഗ്ദ്ധ്യം ആർക്കും അറിയേണ്ട കാര്യമില്ല. പെട്രോളിനും ഡീസലിനും വില കുറയ്ക്കുമേ എന്നാണ് അറിയേണ്ടത്. സാഹചര്യത്തിന്റെ ഗൗരവം ഉൾകൊള്ളാൻ സംസ്ഥാന സർക്കാറിന് ആവുന്നില്ല. സർക്കാരിൻ്റെ ഈ നിസ്സംഗ നിലപാടിനെതിരെ കോൺഗ്രസ് പ്രക്ഷോഭം തുടങ്ങുകയാണ്. ഇന്ധന നികുതിയിൽ ഇളവ് നൽകാത്ത കേരള സർക്കാർ നിലപാടിന് എതിരെ നവംബർ എട്ടിന് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ചക്ര സ്തംഭന സമരം നടത്തും. രാവിലെ 11 മുതൽ 11.15 വരെയാണ്  ജില്ലാ ആസ്ഥാനങ്ങളിൽ സമരം നടത്തുക.
 
ഗതാഗതക്കുരുക്ക് ഉണ്ടാവാത്ത തരത്തിലാണ് സമരം നടത്തുക. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ചേർന്ന് അനിയൻ ബാവ, ചേട്ടൻ ബാവ കളിക്കരുത്. ഇന്ധനനികുതിയിൽ ഇളവ് നൽകില്ലെന്ന ധനകാര്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള ക്രൂരതയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെയാണ് ഇക്കാര്യത്തിൽ സർക്കാറിന് പിന്തുണ നൽകുന്ന സിപിഎം നിലപാട്.  വില കുറക്കുന്നതിന് പകരം താത്വിക നിലപാട് വിളമ്പി ജനങ്ങളുടെ മുന്നിൽ പരിഹാസ്യ പാത്രമാകരുത്. 

ധൂർത്ത് കൊണ്ടാണ് സംസ്ഥാന സർക്കാറിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നത്.  ആർക്കു വേണ്ടിയാണ് കെ.റെയിലും ജലപാതയും. ഇതു കൊണ്ട് ഒക്കെ എന്താണ് നേട്ടമെന്ന് ബോധ്യപ്പെടുത്തുമോ? ഇന്ധനത്തിൻ്റെ വില വർദ്ധനവോടെ 18,ooo കോടി സർക്കാരിന് അധിക വരുമാനം കിട്ടിയിട്ടുണ്ട്.  യുപിഎ ഭരിക്കുന്ന കാലത്ത് അടുപ്പുകൂട്ടിയ സിപിഎം കുടുംബങ്ങൾ ഇപ്പോൾ എവിടെയാണ് ?  വില കുറക്കാൻ രാജസ്ഥാൻ സർക്കാരിന് എഐസിസി നിർദ്ദേശം നൽകി കഴിഞ്ഞു.  

Follow Us:
Download App:
  • android
  • ios