തിരുവനന്തപുരം മേയർ തെര‍ഞ്ഞെടുപ്പ് നാളെ; സ്ഥാനാർത്ഥി ചിത്രം ഇന്ന് തെളിയും

By Web TeamFirst Published Nov 11, 2019, 7:44 AM IST
Highlights

നൂൽപാലത്തിലൂടെ സിപിഎം ഭരിച്ച തിരുവനന്തപുരം നഗരസഭയിൽ വി കെ പ്രശാന്തിന്‍റെ പിൻഗാമിയാരെന്നറിയാൻ ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. 

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ മേയർ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർത്ഥി ചിത്രം ഇന്ന് തെളിയും. സിപിഎം ജില്ലാ നേതൃത്വം സ്ഥാനാർത്ഥിയായി കെ ശ്രീകുമാറിനെ നിശ്ചയിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരമാണ് ഇനിയുള്ള കടമ്പ. യുഡിഎഫും ഇന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. നാളെയാണ് മേയർ തെരഞ്ഞെടുപ്പ്.

നൂൽപാലത്തിലൂടെ സിപിഎം ഭരിച്ച തിരുവനന്തപുരം നഗരസഭയിൽ വി കെ പ്രശാന്തിന്‍റെ പിൻഗാമിയാരെന്നറിയാൻ ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. ആർക്കും കേവലഭൂരിപക്ഷമില്ലാത്ത കൗണ്‍സിലിൽ ബിജെപിയും കോണ്‍ഗ്രസും ആദ്യ ഘട്ടത്തിൽ ആലോചിച്ചത് പൊതു സ്വതന്ത്രനെ മുന്നിൽ നിർത്തിയുള്ള പരീക്ഷണം. ഒരു വർഷത്തിനുള്ള തെരഞ്ഞെടുപ്പ് നേരിടുന്ന നഗരസഭയിൽ ഈ ബന്ധം ഉണ്ടാക്കുന്ന രാഷ്ട്രീയ തിരിച്ചടികൾ മുന്നിൽ കണ്ട് പിന്നീട് ഇരുവരും നീക്കം ഉപേക്ഷിച്ചു.

മേയർ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചതോടെ അനിശ്ചിതത്വം ഒഴിഞ്ഞു. ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചാക്ക കൗണ്‍സിലറും ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ കെ ശ്രീകുമാറിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്നു. സിപിഎം സംസ്ഥാന നേതൃത്വം തീരുമാനത്തിന് ഇന്ന് അംഗീകാരം നൽകും.

കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ചേർന്ന് ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കും. പേട്ട കൗണ്‍‍സിലർ ഡി അനിൽകുമാറിനാണ് സാധ്യത കൂടുതൽ. ബിജെപി സ്ഥാനാർത്ഥിയായി നേമം കൗണ്‍സിലർ എം ആർ ഗോപനെയും നിശ്ചയിച്ചു. നൂറംഗ കൗണ്‍സിലിൽ നാൽപത്തിമൂന്ന് അംഗങ്ങളുടെ പിന്തുണയുള്ള എൽഡിഎഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി.ബിജെപിക്ക് 35ഉം യുഡിഎഫിന് 21 അംഗങ്ങളുമാണ് കൗണ്‍സിലിലുള്ളത്.വട്ടിയൂർക്കാവ് എംഎൽഎയായ ശേഷം വി കെ പ്രശാന്ത് മേയർ പദവി രാജിവെച്ചതോടെയാണ് നഗരസഭയിൽ ബലപരീക്ഷണത്തിന് കളമൊരുങ്ങിയത്.

click me!