Asianet News MalayalamAsianet News Malayalam

രണ്ട് വർഷത്തിനിടെ ആയിരത്തിലേറെ അനധികൃത നിയമനങ്ങൾ, 'വിവാദ കത്തിൽ' ഹൈക്കോടതിയിൽ ഹർജി

നിയമനത്തിന് പാർട്ടി ബന്ധമുള്ളവരെ ആവശ്യപ്പെട്ട്, മേയർ, സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ഹർജിയിലെ ആവശ്യം

plea seeking cbi or judicial inquiry over thiruvananthapuram mayors letter
Author
First Published Nov 9, 2022, 4:43 PM IST

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ കരാർ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. നിയമനത്തിന് പാർട്ടി ബന്ധമുള്ളവരെ ആവശ്യപ്പെട്ട്, മേയർ, സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയ വിഷയം ഗുരുതരമാണെന്നും ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൌൺസിലർ ജി എസ് ശ്രീകുമാറാണ് ഹർജി നൽകിയത്. രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷനിൽ നടന്നതായി ഹർജിക്കാരൻ ആരോപിച്ചു. നിയമനത്തിന് ആളെ ആവശ്യപ്പെട്ട് പാർട്ടി ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചത് സ്വജനപക്ഷപാതമാണ്. മേയറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.  

കരാര്‍ നിയമനങ്ങൾക്ക് സിപിഎം പട്ടിക ആവശ്യപ്പെട്ട് മേയറുടെ ഓഫീസിൽ നിന്നും സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജോലി ഒഴിവുണ്ടെന്നും നിയമനത്തിന് ലിസ്റ്റ് തരണമെന്നും ആവശ്യപ്പെട്ടായിരുന്നു  മേയര്‍ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത്. തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡിആര്‍ അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തു വന്നു.

നിയമന കത്ത് വിവാദം:കേസെടുക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാർശ നൽകിയേക്കും,നീക്കം മേയറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 

നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും നൽകിയിട്ടില്ലെന്ന് മേയർ ആവർത്തിക്കുമ്പോഴും ഔദ്യോഗിക ലെറ്റര്‍പാഡിലെ കത്ത്  എവിടെ നിന്നെത്തിയെന്നതിലെ ചോദ്യം ഇപ്പോഴും ബാക്കിയാണ്. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. പൊലീസിൽ പരാതി നൽകിയാൽ തിരക്കിട്ട് എഫ്ഐആറിടേണ്ടി വരുമെന്നും ഡിജിറ്റൽ രേഖകളടക്കം പരിശോധിക്കേണ്ടി വരുമെന്നുമിരിക്കെയാണ് അന്വേഷണം നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നേരിട്ട് മേയർ പൊലീസിൽ പരാതി നൽകാത്തതും നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ്. പൊലീസ് കേസെടുത്താൽ സംശയിക്കുന്ന പാർട്ടി നേതാക്കളെ അടക്കം കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടിവരുന്നത് ഒഴിവാക്കാനാണ് നീക്കം. വിവാദത്തിൽ മേയറുടെ മൊഴി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കത്ത് വ്യാജമാണെന്നും ഒപ്പ് സ്ക്യാൻ ചെയ്ത് കയറ്റിയതാകാമെന്നുമാണ് മേയറുടെ മൊഴി. 

കായികമായി നേരിട്ടാല്‍ തിരിച്ചടിക്കും, സിപിഎമ്മിനോട് കെ സുധാകരന്‍; പൊലീസിനും രൂക്ഷ വിമ‍ർശനം

 

 

Follow Us:
Download App:
  • android
  • ios