തിരുവനന്തപുരം ന​ഗരസഭ ആര് നേടും; മേയർ സ്ഥാനത്തേക്ക് പ്രമുഖരെ പരി​ഗണിച്ച് മുന്നണികൾ, തിരക്കിട്ട ചർച്ചകൾ

By Web TeamFirst Published Oct 26, 2020, 12:54 PM IST
Highlights

ടി.എൻ സീമ ഉൾപ്പെട്ട പട്ടിക സിപിഎം ചർച്ചചെയ്യുമ്പോൾ മുൻ സ്പോർട്സ് കൗണ്‍സിൽ അധ്യക്ഷ പത്മിനി തോമസിനെ മത്സരിപ്പിക്കാനാണ് യുഡിഎഫ് പദ്ധതി. വി.ടി.രമയടക്കം സംസ്ഥാന നേതാക്കളെ പരിഗണിക്കുന്ന ബിജെപി സർപ്രൈസ് സ്ഥാനാർത്ഥിയുടെ രംഗപ്രവേശവും തള്ളുന്നില്ല.

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ മേയർ സ്ഥാനത്തേക്ക് പ്രമുഖരെ  മുൻനിർത്തി കളം പിടിക്കാനൊരുങ്ങി  മുന്നണികൾ. ടി.എൻ സീമ ഉൾപ്പെട്ട പട്ടിക സിപിഎം ചർച്ചചെയ്യുമ്പോൾ മുൻ സ്പോർട്സ് കൗണ്‍സിൽ അധ്യക്ഷ പത്മിനി തോമസിനെ മത്സരിപ്പിക്കാനാണ് യുഡിഎഫ് പദ്ധതി. വി.ടി.രമയടക്കം സംസ്ഥാന നേതാക്കളെ പരിഗണിക്കുന്ന ബിജെപി സർപ്രൈസ് സ്ഥാനാർത്ഥിയുടെ രംഗപ്രവേശവും തള്ളുന്നില്ല

എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കുമുള്ള സ്വാധീനമാണ് തിരുവനന്തപുരം നഗരസഭയെ സംസ്ഥാനത്തിന്‍റെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. തലസ്ഥാനം പിടിക്കാനുള്ള തന്ത്രങ്ങളിൽ അമരത്ത് ആരെ ഇരുത്തണമെന്നതാണ് മൂന്ന് പാർട്ടികൾക്കും തലവേദന. മുൻ എംപിയും സിപിഎം സംസ്ഥാന സമിതിയംഗവുമായി ടി.എൻ.സീമയെ മത്സരിപ്പിക്കാൻ സിപിഎം ആലോചിച്ചിരുന്നു. ഹരിതകേരളം മിഷന്‍റെ ചുമതലയുള്ള ടി.എൻ.സീമ അഭ്യൂഹങ്ങൾ തള്ളുന്നെങ്കിലും പാർട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ല. ജനാധിപത്യമഹിളാ അസോസിയേഷൻ ദേശീയ സമിതി അംഗം എം.ജി.മീനാംബികയും നിലവിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായ  പുഷ്പലതയുമാണ് സിപിഎം പട്ടികയിലെ ജില്ലാ നേതാക്കൾ. അധ്യാപക സംഘടനാ നേതാവ് എജി ഒലീനയും പരിഗണനയിലുണ്ട്. കൂടിയാലോചനകൾ ഉടൻ പൂർത്തിയാക്കി അന്തിമ പട്ടിക ഉടൻ തയ്യാറാകും

ഒന്നാഞ്ഞ് പിടിച്ചാൽ നഗരസഭാ ഭരണത്തിലെത്താം എന്നാണ് ബിജെപിയുടെ ശുഭപ്രതീക്ഷ.എന്നാൽ മേയർ വനിതയാകുമ്പോൾ മികച്ച നേതാവിനെ മുന്നിൽ നിർത്തുകയാണ് വെല്ലുവിളി. ബിജെപി ദേശീയ ഘടകം ശ്രദ്ധിക്കുന്ന നഗരസഭയിൽ വി.ടി.രമയടക്കമുള്ള സംസ്ഥാന നേതാക്കൾ പരിഗണനയിലുണ്ട്. ഇരുമുന്നണികളെയും ഞെട്ടിച്ച് സംസ്ഥാന ഭാരവാഹിയായ മറ്റൊരു വനിതാ നേതാവിനെ അവസാനം രംഗത്തിറക്കാനും നേതൃത്വം ആലോചിക്കുന്നു.

ഘടകകക്ഷികളുമായി സീറ്റ് വിഭജനം പൂർത്തിയാകാത്തതാണ് യുഡിഎഫ് നേരിടുന്ന വെല്ലുവിളി. മൂന്നാംസ്ഥാനത്ത് നിന്നും ഉയിർത്തെഴുന്നേൽപ്പിന് ഡിസിസി ഭാരവാഹികളെ നിരത്തി രംഗത്തിറക്കാനാണ് പദ്ധതി.  മേയർ സ്ഥാനത്തെക്ക് മുൻ സ്പോ‍ർട്സ് കൗണ്‍സിൽ അധ്യക്ഷ പത്മിനി തോമസിനെ രംഗത്തിറക്കാനാണ് ഡിസിസി ആലോചിക്കുന്നത്. ച‍ർച്ചകൾ പുരോഗമിക്കുന്നുണ്ട്. ബിജെപിക്കും സിപിഎമ്മിനും കണ്ണുംപൂട്ടി വിജയം ഉറപ്പിക്കാൻ കഴിയുന്ന സുരക്ഷിത വാർഡുകൾ ഇല്ലാത്തതാണ് പ്രശ്നം. വലിയ പേരുകൾ ആലോചിക്കുമ്പോൾ വിഐപി സ്ഥാനാർത്ഥി വിജയിക്കുമോ എന്ന ആശങ്കകളും നീക്കങ്ങളെ പിന്നോട്ടടിക്കുന്നു.

click me!