
തിരുവനന്തപുരം: ഔദ്ധ്യോഗിക ലെറ്റര്‍ പാഡില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഒപ്പ് പതിച്ച, കോര്‍പ്പറേഷന്‍ ജോലിക്ക് ആളെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് നല്‍കിയതെന്ന് പറയപ്പെടുന്ന കത്ത് എഴുതിയ 'വ്യാജന്‍ അകത്തുണ്ടോ സഖാവേ...?' എന്ന ന്യൂസ് അവര്‍ ചര്‍ച്ചയില്‍ മാധ്യമ സ്വാതന്ത്ര്യത്തെ കറിച്ച് ഡെപ്യൂട്ടി മേയര്‍ പി കെ രാജുവും അവതാരകന്‍ വിനു വി ജോണും തമ്മില്‍ രൂക്ഷമായ വാഗ്വാദം. ചര്‍ച്ചയിലുടനീളം തിരുവനനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യുട്ടി മേയര്‍ പി കെ രാജു, കോര്‍പ്പറേഷനിലേക്കുള്ള ഏതാണ്ട് മുന്നൂറോളം താത്കാലിക ഒഴിവുകളിലേക്ക് ആളുകളെ എടുക്കുന്നതിനായി സിപിഎം ജില്ലാ സെക്രട്ടറിയില്‍ നിന്നും മേയര്‍ ലിസ്റ്റ് ചോദിച്ചത് വളരെ ചെറിയ വിഷയമാണെന്നായിരുന്നു അഭിപ്രായപ്പെട്ടത്. കോര്‍പ്പറേഷന്‍റെ കരാര്‍ നിയമനങ്ങള്‍ക്ക് ആളെ നല്‍കുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാണെന്ന വാര്‍ത്ത മാധ്യമങ്ങളാണ് ഊതിപ്പെരുപ്പിച്ച് വലിയ വിഷയമാക്കിയതെന്നും അത് വളരെ ചെറിയ ഒരു വിഷയം മാത്രമാണെന്നും പി കെ രാജു ആവര്‍ത്തിച്ച് പറഞ്ഞു.
ചര്‍ച്ചയിലെ വിഷയം വഴി തിരിച്ച് വിടാനായി ഗവര്‍ണറുടെ 'ഗറ്റ് ഔട്ട്' വിഷയം പി കെ രാജു പരാമര്‍ശിച്ചു. മാധ്യമങ്ങളോട് ഗറ്റ്ഔട്ട് അടിച്ച് ഗവര്‍ണറെ ഏഷ്യാനെറ്റ് ബഹിഷ്ക്കരിക്കാത്തതിനെ കുറിച്ചായിരുന്നു പി കെ രാജു സൂചിപ്പിച്ചത്. എന്നാല്‍, മുഖ്യമന്ത്രിയും ഗവര്‍ണറും ഒരു പോലെ ജനാധിപത്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഹനിക്കുകയാണെന്നായിരുന്നു വിനു വി ജോണിന്‍റെ പ്രതികരണം. ഒരു പ്രധാനപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാന്‍ പോകുമ്പോള്‍ അനുമതിയില്ലാതെ ഹാളില്‍ കയറിയതിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ട് മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞതെന്നായിരുന്നു രാജുവിന്‍റെ മറുപടി. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും ഗെറ്റ് ഔട്ട് എന്ന് പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ജനാധിപത്യ വിരുദ്ധരാണെന്ന് വിനു വി ജോണ്‍ അഭിപ്രയപ്പെട്ടു. ഇരുവരും മാധ്യമങ്ങളെ അധിക്ഷേപിക്കുകയും മാധ്യമ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുയും ആവിഷ്കാരം സ്വാതന്ത്രത്തിനെതിരെ നിലപാടെടുത്തവരാണെന്നും വിനു വി ജോണ്‍ അഭിപ്രായപ്പെട്ടു.
ആര്‍എസ്എസും സിപിഎമ്മും തമ്മിലുള്ള ചര്‍ച്ചയുടെ ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ച മാധ്യമങ്ങളോട് മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുകയായിരുന്നു. ഗവര്‍ണറാകട്ടെ പൊതുപണം ഉപയോഗിച്ച് പണിത ഗസ്റ്റ് ഹൗസില്‍ ക്ഷണിച്ച് വരുത്തിയ രണ്ട് മാധ്യമങ്ങളോട് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസില്‍ വിനു വി ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ സിപിഎം ബഹിഷ്കരിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ സിപിഐയുടെ പ്രതിനിധിയായല്ല മറിച്ച് ഡെപ്യൂട്ടി മേയറായാണ് ന്യൂസ് അവറില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് പി കെ രാജു ആവര്‍ത്തിച്ച് പറഞ്ഞു.
അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനം നടത്തി വിനു വി ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തകനെ തങ്ങള്‍ ബഹിഷ്കരിക്കുകയാണെന്ന് പറഞ്ഞു. ഇത് മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണോയെന്ന് വിനു ചോദിച്ചു. എന്നാല്‍, അതിന്‍റെ കാരണം വേറെയാണെന്നായിരുന്നു പി കെ രാജുവിന്‍റെ മറുപടി. ഒടുവില്‍, ഒരു പണിമുടക്കിനിടെ സിഐടിയുക്കാര്‍ ആശുപത്രിയിലേക്ക് പോയ ഒരു ഓട്ടോറിക്ഷാ ഡ്രൈവറെ അടിച്ച് അവശനാക്കിയതും അമ്പലത്തില്‍ പോയ മറ്റൊരു ഓട്ടോ ഡ്രൈവറെ അക്രമിച്ചതുമായ സംഭവങ്ങള്‍, ഈ പ്രശ്നം സമരം ആഹ്വാനം ചെയ്ത സിഐടിയും ജനറല്‍ സെക്രട്ടറിക്കോ അദ്ദേഹത്തിന്‍റെ കുടുംബത്തിനോ സംഭവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് ചോദിച്ചതിനാണ് തന്നെ ബഹിഷ്ക്കരിച്ച് കൊടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ പതിനാല് ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തിയതെന്നും വിനു വി ജോണ്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ഈ വിഷയത്തില്‍ തിക്കെതിരെ കള്ളക്കേസ് എടുക്കുകയും അത് മറച്ച് വയ്ക്കുകയും ചെയ്തു. ഒടുവില്‍ പാസ്പോര്‍ട്ട് തടഞ്ഞ് വച്ചപ്പോഴാണ് കേസുണ്ടെന്ന കാര്യം താന്‍ പോലും അറിഞ്ഞതെന്നും വിനു പറഞ്ഞു. ദേശീയ മാധ്യമങ്ങളല്ലാതെ മറ്റാരും ഈ വാര്‍ത്തകള്‍ കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഈ സമയം മുഴുവനും മേയറുടെ കത്ത് ഒരു ചെറിയ കാര്യമാണെന്നും ഗവര്‍ണറുടെ ഗറ്റ് ഔട്ട് ആണ് ചര്‍ച്ച ചെയ്യേണ്ട വലിയ കാര്യമെന്നും ആവര്‍ത്തിക്കുകയായിരുന്നു ഡെപ്യൂട്ടി മേയര്‍ പി കെ രാജു. ഈ സംഭവത്തില്‍ ഏഷ്യാനെറ്റിനെതിരെയുണ്ടായ അക്രമങ്ങളില്‍ കെയുഡ്ള്യുജെയോ മാധ്യമ മുതലാളിമാരുടെ സംഘടനയോ ആരും പ്രതികരിച്ചിട്ടില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ നിന്നാല്‍ അത് ഒന്ന് തന്നെയാണെന്നും അല്ലാതെ ഗവര്‍ണര്‍ ഗറ്റ് ഔട്ട് പറയുമ്പോള്‍ മാത്രമല്ല മാധ്യമ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതെന്നും വിനു വി ജോണ്‍ ചൂണ്ടിക്കാട്ടി. ബിജെപി കേന്ദ്രമന്ത്രി വി മുരളീധരന്‍ ദില്ലിയില്‍ സ്വവസതിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാല്‍ ഏഷ്യാനെറ്റിനെ മാത്രം പുറത്ത് നിര്‍ത്തുന്നതും മാധ്യമ സ്വാന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും വിനു വി ജോണ്‍ കൂട്ടിചേര്‍ത്തു.
എന്നാല്‍, വെള്ളക്കരം വര്‍ദ്ധനവ് , വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ് എന്നിങ്ങനെയുള്ള ഒരു സമരം മാത്രമാണിപ്പോള്‍ നടക്കുന്നതെന്നും അതിന് ആകാശത്തേക്ക് വെടിപൊട്ടിക്കണ്ട ആവശ്യമില്ലെന്നുമായിരുന്നു ഡെപ്യുട്ടി മേയറുടെ മറുപടി. വിലക്കയറ്റത്തിനെതിരെ കേന്ദ്രസര്‍ക്കാറിന് നേരെയാണ് യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും സമരം നടത്തേണ്ടതെന്നും അല്ലാതെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഉദ്യോഗാര്‍ത്ഥികളുടെ ലിസ്റ്റ് ചോദിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് മേയര്‍ കത്തെഴുതി എന്ന വിഷയം ഒരു ചെറിയ കാര്യമാണെന്നും ഇതില്‍ ഇത്രമാത്രം സമരം ചെയ്യേണ്ടതില്ലെന്നും പറഞ്ഞ് പി കെ രാജു താന്‍ ഉന്നയിച്ച വിഷയത്തില്‍ നിന്നും പിന്നോട്ട് പോയി.