ഹെൽത്ത് കാർഡ് അട്ടിമറി: തിരു.ജനറൽ ആശുപത്രി ആർഎംഒ ഡോ.അമിത്കുമാറിന് സസ്പെൻഷൻ

By Web TeamFirst Published Feb 2, 2023, 12:17 PM IST
Highlights

300 രൂപ ചോദിച്ചുവാങ്ങിയാണ് ആർഎംഒ ഡോ.അമിത് കുമാർ ഒരു പരിശോധനയും നടത്താതെ ഹെൽത്ത് കാർഡ് ഒപ്പിട്ട് നൽകിയിരുന്നത്

തിരുവനന്തപുരം:  പരിശോധനകള്‍ നടത്താതെ പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍.എം.ഒ.യുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജൻ ഡോ.വി.അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവന്നതിന് പിന്നാലെ നടപടിക്കും വിശദ അന്വേഷണത്തിനും മന്ത്രി നിർദേശം നൽകിയിരുന്നു. 300 രൂപ നൽകിയാൽ ഒരു പരിശോധനയും ഇല്ലാതെയാണ് ഈ ഡോക്ടർ ഹെൽത് കാർഡ് നൽകിയിരുന്നത്. ആശുപത്രിയിലെ ചില ജീവനക്കാരും ഡോക്ടർക്ക് സഹായി ആയുണ്ട്. 

അതേസമയം കൃത്രിമം വ്യക്തമായ സാഹചര്യത്തിൽ ഹെൽത് കാർഡ് വിതരണം അടിയന്തരമായി നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. 

പണം കൊടുത്താൽ പരിശോധനയില്ലാതെ ഹെൽത്കാർഡ്: തിരു.ജനറൽ ആശുപത്രിയിൽ ആർഎംഒ കാർഡ് ഒന്നിനു വാങ്ങുന്നത് 300 രൂപ

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമായത്. എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ RMO,300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുകയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

എഫ്എസ്എസ്എഐയുടെ വെബ് സൈറ്റില്‍ നിന്ന് മെഡിക്കല്‍ ഫിറ്റ്നസ് ഫോം ഡൗണ്‍ ലോഡ് ചെയ്യുക, ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വ്രണം, മുറിവ് എന്നിവയുണ്ടോ എന്ന് നോക്കാനുള്ള പരിശോധന, വാക്സിനെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകര്‍ച്ച വ്യാധികള്‍ ഉണ്ടോ എന്നറിയാനുളള രക്ത പരിശോധന,സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും അങ്ങനെ വലിയ കടമ്പകൾക്ക് ശേഷം മാത്രം ഹെൽത്ത് കാർഡ് എന്നായിരുന്നു അവകാശവാദം.

ഹോട്ടൽ ഭക്ഷണങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ സമീപ കാലത്തെ വലിയ പ്രഖ്യാപനത്തിൻറെ സ്ഥിതി എന്താണെന്ന് ഞങ്ങൾ പരിശോധിച്ചു. തിരുവനന്തപുരം നഗരമധ്യത്തിലെ ജനറല്‍ ആശുപത്രി. പാര്‍ക്കിംഗ് ഫീസ് പിരിക്കുന്ന അനിലിനെ കണ്ടാല്‍ എല്ലാം ശരിയാക്കി തരുമെന്ന് പറഞ്ഞാണ് ഒരു ഹോട്ടലുടമ ഞങ്ങള്‍ക്ക് നമ്പര്‍ തന്നത്.അനിലിനെ വിളിച്ചു. മെയിൻ ഗേറ്റിന് മുന്നിലേക്ക് എത്താൽ അനിൽ പറഞ്ഞു

അനിലിനെ ഞങ്ങള്‍ കാണുന്നതിനിടെ ആശുപത്രിയിലെ ആര്‍എംഒ ‍ഡോക്ടര്‍ വി അമിത് കുമാര്‍ എവിടേക്കോ പോകാന്‍ കാറില്‍ കയറി. അനില്‍ വിവരം പറഞ്ഞതോടെ കാറ് സൈഡാക്കി ‍ഡോക്ടര്‍ നേരെ സെക്യൂരിറ്റി മുറിയിലേക്ക്. ഡോക്ടറുടെ സീലും പച്ച മഷി പേനയും എല്ലാം അവിടെയുണ്ട്.ഞങ്ങളുടെ സഹപ്രവര്‍ത്തകരായ ജിബിന്‍റെയും വിഷ്ണുവിന്‍റേയും ഫോട്ടോ പതിച്ച ഫോമില്‍ എഴുതിത്തുടങ്ങും മുമ്പ് തന്നെ ഡോക്ടര്‍ ഒരു കാര്യം ഓര്‍മിപ്പിച്ചു. ഫീസ് 300 രൂപ ആണ്

ഫിസിക്കല്‍ എക്സാമിനേഷനില്ല, കണ്ണ് പരിശോധനയില്ല, ത്വക്ക് പരിശോധനയില്ല, രക്തം പരിശോധിച്ചില്ല. എന്തിന്, ജിബിന്‍റെയും വിഷ്ണുവിന്‍റെയും മുഖത്തേക്ക് പോലും ഒന്ന് ശരിക്കും നോക്കുന്നുപോലുമില്ല. എല്ലാം നോര്‍മലാണെന്ന് എഴുതി ഒപ്പിട്ട് സീലും വെച്ച് ഹെല്‍ത്ത് കാര്‍ഡുകള്‍ കയ്യില്‍ തന്നു. 600 രൂപ ഡോക്ടറുടെ പോക്കറ്റിലും. കൂടെ കയറിയ രണ്ടുപേര്‍ക്കും ഒരു പരിശോധനയുമില്ലാതെ പണം വാങ്ങി ഹെല്‍ത്ത് കാര്‍ഡ് കൊടുത്തു. ഇടനിലക്കാരന്‍ അനിലിന് കമ്മീഷനും കൊടുത്താണ് പത്ത് മിനുട്ടിനകം ജനറല്‍ ആശുപത്രിയില്‍ നിന്ന് ഹെല്‍ത്ത്കാര്‍ഡുമായി ഞങ്ങളിറങ്ങിയത്.

ഭക്ഷ്യവിഷബാധ തടയാന്‍ സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഹെൽത്ത് കാർഡിൻറെ സ്ഥിതിയാണിത്. തലസ്ഥാനത്ത് അട്ടിമറി നടത്തുന്നത് ജനറൽ ആശുപത്രി ആർഎംഒ തന്നെ. ഇങ്ങനെയാണ് ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യുന്നതെങ്കില്‍ പിന്നെ എങ്ങനെ ധൈര്യമായി കാർഡുള്ള ജീവനക്കാരുള്ള ഹോട്ടലിൽ നിന്നും വിശ്വസിച്ച് ഭക്ഷണം കഴിക്കും.

click me!