സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണം; തലസ്ഥാനം കര്‍ശന ജാഗ്രതയില്‍

By Web TeamFirst Published Jul 3, 2020, 7:33 PM IST
Highlights

അത്യാവശ്യമല്ലാത്ത ഒരു യാത്രയും ഇവിടെ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സെക്രട്ടേറിയറ്റിൽ കർശന നിയന്ത്രണം ഉണ്ടാകും. 

തിരുവനന്തപുരം: തലസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകേണ്ടതുണ്ടെന്നും അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് വിവിധ തുറകളിൽ പെട്ട നിരവധിയാളുകൾ വന്ന് പോകുന്നുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച പാളയത്തെ സാഫല്യം കോംപ്ലക്സിലെ ജീവനക്കാരൻ, വഞ്ചിയൂർ ലോട്ടറി വിൽപന നടത്തിയ ആൾ, മത്സ്യക്കച്ചവടക്കാരൻ എന്നിവര്‍ നിരവധിപ്പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്യാവശ്യമല്ലാത്ത ഒരു യാത്രയും ഇവിടെ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സെക്രട്ടേറിയറ്റിൽ കർശന നിയന്ത്രണം ഉണ്ടാകും. ഇ ഫയൽ ഉപയോഗം കൂട്ടും. സർക്കാർ ഓഫീസുകളിലെ സന്ദർശനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ 989 സാമ്പിളുകൾ പരിശോധിച്ചു. എടപ്പാളിലെ രണ്ട് പ്രധാന ആശുപത്രികളിലെ 681 ജീവനക്കാരുടെയും സമീപപ്രദേശങ്ങളിലെ 5 പഞ്ചായത്തുകളിലെ 308 പേരുടെയും ഫലം പരിശോധിച്ചു. ഇതിൽ 3 പേരുടെ ഫലം പോസിറ്റീവാണ്. നിലവിൽ ഇവിടെ ട്രിപ്പിൾ ലോക്ക്ഡൗണാണ്. ജനങ്ങൾ പരമാവധി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മാർച്ച് മുതൽ കൊവിഡ് പ്രതിരോധപ്രവർത്തനം വിശ്രമമില്ലാത്തതാണ്. ആരോഗ്യം, തദ്ദേശസ്വയംഭരണം, പൊലീസ്, ഫയർ ആന്‍റ് റെസ്ക്യൂ എന്നിവർ മുന്നിലുണ്ട്. ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരും എന്നുവേണ്ട സമൂഹത്തിന്‍റെ എല്ലാ തലത്തിലുമുള്ളവർ ഈ യ‍ജ്ഞത്തിൽ പങ്കാളികളാകുന്നു. അവർക്ക് ക്ഷീണം ഉണ്ടായേക്കാം. അത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ ഇടപെടുന്നുണ്ട്. സമൂഹമെന്ന നിലയ്ക്ക് സർക്കാരിന് പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വൈറസ് വ്യാപനം വർദ്ധിക്കുന്നതിനാൽ എല്ലാ ജില്ലകളിലും പൊലീസ് നിരീക്ഷണവും സുരക്ഷയും കർശനമാക്കി. വിവിധ ജില്ലകളിൽ ഐജി തലം മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊന്നാനിയിൽ ഉത്തരമേഖലാ ഐജി, തിരുവനന്തപുരത്ത് കമ്മീഷണർ എന്നിവർ പൊലീസ് പ്രവ‍ർത്തനങ്ങൾക്ക് നേതൃത്വം നൽകും. വിദേശത്ത് നിന്ന് എത്തുന്നവർക്ക് എയർപോർട്ടിൽ ടാക്സി ഉറപ്പാക്കും. സന്നദ്ധ സേനയിൽ ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് മലപ്പുറത്താണ്. വിവിധ ജില്ലകളിലായി രണ്ടായിരത്തിൽപ്പരം വൊളണ്ടിയർമാർ പ്രവർത്തിക്കുന്നു. മാസ്ക് ധരിക്കാത്ത 4616 സംഭവങ്ങൾ സംസ്ഥാനത്തുണ്ടായി. ക്വാറന്‍റീന്‍ ലംഘിച്ച 10 പേർക്കെതിരെ കേസെടുത്തു.

click me!