പൂന്തുറയിലെ കടുത്ത നിയന്ത്രണം അതീവ ജാഗ്രത വേണ്ടതിനാല്‍; ജനങ്ങള്‍ സഹകരിക്കണമെന്ന് മേയര്‍

By Web TeamFirst Published Jul 10, 2020, 1:04 PM IST
Highlights

ജനങ്ങള്‍ സഹകരിക്കണമെന്നും രോഗം പരക്കാതിരിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും മേയര്‍. 

തിരുവനന്തപുരം: പൂന്തുറയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് അതീവ ജാഗ്രത വേണ്ടയിടമായതിനാലാണെന്ന് മേയര്‍ കെ ശ്രീകുമാര്‍. സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പൂന്തുറയിൽ ലോക്ക്ഡൗൺ ലംഘിച്ച് ജനങ്ങള്‍ പുറത്തിറങ്ങി പ്രതിഷേധിച്ചതിന് പിന്നാലെയാണ് മേയര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ജനങ്ങള്‍ സഹകരിക്കണമെന്നും രോഗം പരക്കാതിരിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും മേയര്‍ പറഞ്ഞു. പുതിയതായി രോഗബാധിതര്‍ ആവുന്നവരുടെ വാര്‍ഡും സ്ഥലവും പ്രത്യേകം നല്‍കാന്‍ ഡിഎംഓയ്ക്ക് നിര്‍ദ്ദേശം നല്‍കി. സാധനങ്ങള്‍ വാങ്ങുന്നതില്‍ അടക്കമുള്ള കാര്യങ്ങളില്‍ സൗകര്യം ചെയ്യുമെന്നും മേയര്‍ അറിയിച്ചു. 

ശക്തമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന കാരണത്താല്‍ പൂന്തുറയില്‍ അവശ്യസാധനങ്ങൾ പോലും ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി.  സമീപത്തെ കടകളിലേക്ക് പോകുന്നത് പൊലീസ് തടയുന്നെന്നും ചികിത്സ വരെ നിഷേധിക്കപ്പെടുന്നുവെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രദേശത്തെ കൊവിഡ് ബാധിതരെ പാർപ്പിച്ചിടത്ത് സൗകര്യമില്ലെന്ന പരാതിയുമുണ്ട്.  ആശുപത്രികളിൽ ചികിത്സക്കായി പോകുന്നവരെ പൂന്തുറയിൽ നിന്നുള്ളവരെന്ന പേരിൽ തടഞ്ഞ് ചികിത്സ നിഷേധിക്കുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.   ഇതോടെയാണ് ജനം തെരുവിലിറങ്ങിയത്. പൊലീസിനെയും പരിശോധനക്കെത്തിയ ആരോഗ്യ പ്രവർത്തകരയെും തടഞ്ഞു. 

പ്രതിഷേധത്തെ തുടര്‍ന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി. കാരക്കോണം, വട്ടപ്പാറ എന്നിവിടങ്ങളിലാണ് നിലവിൽ ഈമേഖലയിൽ നിന്നുള്ള കൊവിഡ് ബാധിതരെ പാർപ്പിക്കുന്നത്. ഇത് ദൂരം കൂടുതലായതിനാൽ പ്രദേശത്ത് തന്നെ ഓ‍ഡിറ്റോറിയമോ മറ്റോ ഏറ്റെടുത്ത് ചികിത്സാ സൗകര്യമൊരുക്കാനാണ് ആലോചന. രോഗം പകരുന്നത് കണക്കിലെടുത്ത് വയോജനങ്ങളെ പ്രത്യേകം പാർപ്പിക്കാനും ചർച്ച നടക്കുന്നു. സമ്പർക്ക വ്യാപനം രൂക്ഷമായ മേഖലയിൽ രണ്ടാഴ്ച്ചത്തേക്ക് എങ്കിലും കടുത്ത ജാഗ്രത തുടരേണ്ടി വരും.  ഇത് ബോധ്യപ്പെടുത്തിയ ശേഷം സൗകര്യങ്ങളേർപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടരും.

click me!