
തിരുവനന്തപുരം: വി ഡി സതീശൻ നയിക്കുന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിനൊപ്പം നിയമസഭാ സ്പീക്കറടക്കമുള്ള സുപ്രധാന പദവികളിലും തീരുമാനമായി. മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനാകും സഭയുടെ നാഥൻ. മന്ത്രി സ്ഥാനത്തേക്ക് പരിഗണക്കപ്പെട്ടിരുന്ന വനിതാ നേതാവ് ഷാനിമോൾ ഉസ്മാനായിരിക്കും ഡെപ്യൂട്ടി സ്പീക്കറായി പ്രവർത്തിക്കുക. മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭാനടപടികൾ നിയന്ത്രിക്കുമ്പോൾ, വനിതാ പ്രതിനിധിയായാണ് ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തുന്നത്. കൂടാതെ, മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവ് അപു ജോൺ ജോസഫിനെ പുതിയ ചീഫ് വിപ്പായി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് മുഖ്യമന്ത്രിക്ക് കത്ത് നൽകി.
അതേസമയം 10 വർഷങ്ങൾക്കിപ്പുറം അധികാരത്തിൽ തിരിച്ചെത്തിയ ടീം യു ഡി എഫ് അധികാരത്തിലേറുമ്പോൾ മുഖ്യമന്ത്രിയെ പോലെ തന്നെ മന്ത്രിസഭക്കും പുതുമുഖമാണ്. അധികാര വഴിയിലേക്ക് ആദ്യമായെത്തുന്ന സതീശൻ മുഖ്യമന്ത്രി കസേരയിലേറുമ്പോൾ മന്ത്രിസഭയിലെ 14 പേരും പുതുമുഖങ്ങളാണ്. വി ഡി സതീശനെ കൂടാതെ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍,ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള പുതുമുഖ മന്ത്രിമാർ. രമേശ് ചെന്നിത്തല, കെ മുരളീധരൻ, എ പി അനില്‍ കുമാർ എന്നിവർ കോൺഗ്രസിൽ നിന്നുള്ള മറ്റ് മന്ത്രിമാർ. ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനവുമായി രണ്ടാമനായിട്ടാകും മന്ത്രിസഭയിൽ വീണ്ടുമെത്തുന്നത്.
5 മന്ത്രിമാരെ നേടിയെടുത്ത മുസ്ലിം ലീഗിനെ സഭയിൽ നയിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി തന്നെയാകും മന്ത്രിസഭയിലെ സൂപ്പർ സീനിയർ. നിരവധി മന്ത്രിസഭകളിൽ തിളങ്ങിയിട്ടുള്ള കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പിൽ തന്നെയാകും ഇക്കുറിയും പിടിമുറുക്കുക. അതേസമയം ലീഗിലെ 5 മന്ത്രിമാരിൽ 4 പേരും പുതുമുഖങ്ങളാണ്. പി കെ ബഷീർ, കെ എം ഷാജി, എൻ ഷംസുദീൻ, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിലെ മന്ത്രിമാർ. ഇതിന് പുറമെ സി എം പിയിൽ നിന്നുള്ള സി പി ജോൺ കൂടിയാകുമ്പോൾ മന്ത്രിസഭയിലെ പുതുമുഖങ്ങളുടെ എണ്ണം 14 ആകും. കേരള കോൺഗ്രസ് പി ജെ ഗ്രൂപ്പിൽ നിന്നുള്ള മോൻസ് ജോസഫും കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിൽ നിന്നുള്ള അനൂപ് ജേക്കബും ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ എന്നിവരാണ് മന്ത്രിമാരാകുന്നത്. മൂവർക്കും മന്ത്രി സ്ഥാനത്ത് മുൻ പരിചയമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam