'ആ ആശങ്ക ചില മോഹഭംഗങ്ങളിൽ നിന്നുദിച്ചതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ബോധ്യമാകും'; അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു നേതാവ്

Published : Jul 17, 2026, 11:00 PM IST
mubas

Synopsis

ഗവൺമെൻറ് പ്ലീഡർ നിയമനത്തിൽ കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിനെതിരെ ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി.

കൊച്ചി: കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിനെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി. ഗവൺമെൻറ് പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിക്ക് ഒരു പരാതി പോലും നൽകാതെ പൊതുമധ്യത്തിലുള്ള ആക്ഷേപം സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്നാണ് വിമർശനം. നിയമനത്തിന്റെ പാപഭാരം മുഴുവൻ മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവയ്ക്കാൻ വ്യഗ്രത കാണിക്കുകയാണ്. ഈ ആശങ്ക ചില മോഹഭംഗങ്ങളിൽ നിന്ന് ഉദിച്ചതാണ്. വ്യക്തി താൽപര്യത്തിനും മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി സർക്കാരിനെ ഇരുട്ടിൽ നിർത്തുകയാണെന്നും അത് കേരളത്തിലെ മുഴുവൻ കെഎസ്‌യു പ്രവർത്തകരുടെ ചിലവിൽ വേണ്ടെന്നും മുബാസ് ഓടക്കാലി കുറിച്ചു.

 കുറിപ്പിന്‍റെ പൂർണരൂപം

കാമ്പും കരുത്തും ഉള്ള രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന മഹത്തായ പാരമ്പര്യം പേറുന്ന ഒരു പ്രസ്ഥാനത്തെ "ചിലർ" സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് കാണുമ്പോൾ നാവുയർത്താതിരിക്കാൻ സാധ്യമല്ല. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നു ഇത്രയധികം ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയേയോ,കെപിസിസി നേതൃത്വത്തേയോ നേരിട്ട് കണ്ട് ഒരു പരാതി പോലും നൽകാതെ പകരം തുടക്കത്തിൽ തന്നെ പൊതുമധ്യത്തിൽ നിരന്തരമായി ആക്ഷേപങ്ങൾ ഉന്നയിക്കുകയും വിവാദങ്ങൾക്ക് തിരികൊളുത്തിയതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ആരോപണങ്ങൾക്ക് മറുപടി പറയുന്ന സാഹചര്യമുണ്ടായപ്പോൾ മാത്രം, മുഖ്യമന്ത്രിയെ കാണാൻ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിക്കുന്നത് ചില സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.

നിയമനത്തിന്റെ പാപഭാരം മുഴുവനും മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാൻ വ്യഗ്രത കാണിക്കുന്നവർ ഇതുവരെയും ലോയേഴ്സ് കോൺഗ്രസ് കൊടുത്ത ലിസ്റ്റിനെ കുറിച്ച് എവിടേയും ഒരക്ഷരവും സംസാരിച്ച് കണ്ടില്ല. സ്വാഭാവികമായും ഗവൺമെന്റ് പ്ലീഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട പാർട്ടി പരിഗണിക്കുന്നത് ലോയേഴ്സ് കോൺഗ്രസ് കൊടുത്ത ലിസ്റ്റ് ആണ്. കെ.എസ്‌.യുവിനെ പരിഗണിച്ചില്ല എന്ന് ആവർത്തിച്ചു പറയുന്ന കെ.എസ്.യൂ പ്രസിഡണ്ട് ഔദ്യോഗികമായി ഇതുവരെയും ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് ഒരു ലിസ്റ്റും നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾ ഡ്രൈവർമാർ തുടങ്ങി പല തരത്തിലുള്ള നിയമനങ്ങളിലും ആക്ഷേപങ്ങൾ ഉയർന്നപ്പോൾ പ്രവർത്തകരുടെ വികാരം സംരക്ഷിക്കാൻ തോന്നാത്ത, തെരുവിൽ ചോര ചിന്തയവർക്കായി പരസ്യ പ്രതികരണം നടത്തണമെന്ന് തോന്നാത്തവർക്ക് ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മാത്രം ഇത്തരമൊരു ആശങ്കയുള്ളൂ എന്നതാണ് ശ്രദ്ദേയം. ആ ആശങ്ക ചില മോഹഭംഗങ്ങൾ നിന്നുദിച്ചുയർന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് ബോധ്യമാകും.

ഇത്തരം ഗൗരവമായ ഒരു വിഷയത്തിൽ കെ.എസ്‌.യു സംസ്ഥാന പ്രസിഡണ്ടിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെങ്കിൽ പൊതു പരിപാടി നടക്കുന്നിടത്ത് സകല മാധ്യമങ്ങളെയും സാക്ഷ്യം നിർത്തി മുന്നിൽ ചെന്ന് നിൽക്കുകയല്ല വേണ്ടത്. കഴിഞ്ഞ 10 വർഷക്കാലത്തെ ഭരണമല്ല ഇന്ന് കേരളത്തിൽ. ഏതൊരു സാധാരണക്കാരനും കാണാനും ആശങ്കകൾ അറിയിക്കാനും അവസരമുള്ള ഒരു മുഖ്യമന്ത്രിയാണ് കസേരയിൽ. അങ്ങനെയുള്ള ഒരാളെ കാണാൻ ബോധപൂർവ്വം ഇത്തരമൊരു അവസരം തെരഞ്ഞെടുത്തതിലൂടെ ഒരു കാര്യം കൂടി വ്യക്തമാണ്. സംഘടനയോ പ്രവർത്തകരോ പ്രവർത്തക വികാരമോ പ്രശ്നപരിഹാരമോ ഒന്നുമല്ല പ്രഥമ പരിഗണനകൾ.

വ്യക്തി താൽപര്യങ്ങൾക്കും അനാവശ്യ മാധ്യമ ശ്രദ്ധക്കും വേണ്ടി മുഖ്യമന്ത്രിയേയും സർക്കാരിനേയും ഇരുട്ടിൽ നിർത്തുക. അത്രമാത്രം. പക്ഷേ അത് കേരളത്തിലെ മുഴുവൻ കെ.എസ്.യൂ പ്രവർത്തകരുടേയും ചിലവിൽ വേണ്ട. ഈ പതാക അത്തരം ഗൂഢ ലക്ഷ്യങ്ങൾക്ക് തണലൊരുക്കില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സതീശന്റെ '10000 കോടിയുടെ കപ്പൽ നിർമാണശാല' ഇടത് സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച 300 കോടിയുടെ പദ്ധതി, ഒപ്പിട്ടത് ആട്സൺ എൻജിനീയറിങ്
ടിപ്പര്‍ ലോറി പുറകിലേക്ക് നീങ്ങി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ക്യാബിന് ഉള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം