
ഇടുക്കി: തൊടുപുഴയിൽ ബിജു ജോസഫ് കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം ഇടപാടിനെ ചൊല്ലി കേസിലെ പ്രതി ജോമിന് ബിജുവിനോട് വിരോധമുണ്ടായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചെറുപുഴയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജോമിന് ഒരു ലക്ഷം രൂപയോളം ബിജു നൽകാൻ ഉണ്ടായിരുന്നു. ഇത് ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ മൂന്ന് ദിവസത്തെ ആസൂത്രണമുണ്ടായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തുന്നു.
ബിജുവിന്റെ ഓരോ നീക്കങ്ങളും പ്രതികൾ നിരീക്ഷിച്ചിരുന്നു. ഈ മാസം 15നാണ് ബിജുവിനെ ലക്ഷ്യമിട്ട് എത്തിയത്.19ന് രാത്രി തട്ടിക്കൊണ്ടുപോകാൻ ആയിരുന്നു നീക്കം. പ്രതികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ബിജു നേരത്തെ വീട്ടിൽ മടങ്ങി എത്തി. അന്ന് രാത്രി മുഴുവൻ പ്രതികൾ ബിജുവിന്റെ വീടിന് സമീപം തങ്ങി. വ്യാഴാഴ്ച പുലർച്ചെ നാലുമണിക്ക് അലാറം വെച്ച് ഉണർന്നു. ബിജുവിന്റെ സ്കൂട്ടറിനെ പിന്തുടർന്ന പ്രതികൾ വാഹനം തടഞ്ഞുനിർത്തി വലിച്ചുകയറ്റുകയായിരുന്നു. ഇന്നലെയാണ് കേറ്ററിംഗ് സ്ഥാപനത്തിന്റെ മാൻഹോളിൽ നിന്ന് ബിജുവിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നാളെയാണ് സംസ്കാര ചടങ്ങുകൾ.
അതിനിടെ ബിജുവും ജോമോനും തമ്മിലുള്ള കരാർ വ്യവസ്ഥകളും പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞവർഷം ഓഗസ്റ്റ് 27നാണ് ഉപ്പുതറ പോലീസിന്റെ മധ്യസ്ഥതയിൽ കരാറിലേർപ്പെട്ടത്. വ്യവസ്ഥകൾ പ്രകാരം ബിജു, ജോമിന് ടെമ്പോ ട്രാവലർ, ആംബുലൻസ്, മൊബൈൽ ഫ്രീസർ എന്നിവ ഉൾപ്പെടെ കൈമാറാൻ ഉണ്ടായിരുന്നു. മൂന്നു മാസത്തിനുള്ളിൽ കരാർ പാലിക്കണമെന്നും വ്യവസ്ഥ ഉണ്ടായിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്ന് കൊട്ടേഷൻ സംഘത്തിന്റെ സഹായം തേടി എന്നാണ് ജോമോൻ പൊലീസിന് നൽകിയ മൊഴി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam