
തൃശൂര്‍: എന്‍.ഡി.എ കണ്‍വന്‍ഷനില്‍ അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചതിന് സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് ജില്ലാ കലക്ടർ ടി.വി അനുപമ ഐഎഎസ് നോട്ടിസ് നല്‍കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കളക്ടറെ വര്‍ഗ്ഗീയമായി ആക്രമിക്കുകയാണ് ഒരു വിഭാഗം ബിജെപി അനുകൂല പ്രോഫൈലുകളും, ഗ്രൂപ്പുകളുമാണ് അനുപമ ക്രിസ്ത്യൻ ആണെന്ന് പറഞ്ഞ് വ്യാപക പ്രചരണം നടത്തുന്നത്.
ബിജെപി ബൗദ്ധിക സെല്‍തലവന്‍ ടിജി മോഹന്‍ദാസ് തന്നെ ട്വിറ്ററിലൂടെ ഈ വിഷയത്തില്‍ ട്വീറ്റ് ചെയ്യുകയാണ് ഇപ്പോള്‍. അനുപമ കൃസ്ത്യാനിയാണോ? ആണെങ്കിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ നിന്ന് രാജിവെയ്ക്കണം. ഇപ്പോൾ.. ഈ നിമിഷം... എന്നായിരുന്നു ടിജി മോഹന്‍ദാസിന്‍റെ ആദ്യ ട്വീറ്റ്. തൊട്ട് പിന്നാലെ തൃശ്ശൂർ ജില്ലാ കളക്ടർ എപ്പോഴും ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ സർക്കാർ പ്രതിനിധിയാണ്. അതിനാൽ തൃശ്ശൂർ ജില്ലയിൽ ഹിന്ദുവിനെ മാത്രമാണ് കളക്ടറായി വെയ്ക്കാറുള്ളത്. ഇതും അനുപമയെ ഉദ്ദേശിച്ചുള്ളതാണ്.
ഇതിന് പിന്നാലെ അനുപമയ്ക്കെതിരായ ചില ട്വീറ്റുകളും ടിജി മോഹന്‍ദാസ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചെന്നു കാട്ടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ സുരേഷ് ഗോപിക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇതിന് ഇന്ന് ബിജെപി മറുപടി നല്‍കിയേക്കും. അതേ സമയം ജില്ലാകലക്ടർ ടി.വി. അനുപമയുടെ നടപടി ശരിയെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam