
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുൻ ധനമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ തോമസ് ഐസക്ക്. ഗവർണറുടെ ഇപ്പോഴത്തെ ഭീഷണി അദ്ദേഹം ഏതോ വിഭ്രാന്തിയിലാണെന്ന് കാട്ടുന്നതാണെന്ന് ഐസക്ക് പറഞ്ഞു. ഔപചാരിക പദവി മാത്രമാണെന്ന ധാരണയ്ക്കു പകരം തനിക്ക് എന്തൊക്കെയോ വലിയ സ്വതന്ത്ര അധികാരങ്ങൾ ഉണ്ടെന്ന നാട്യത്തിലാണ് ഗവർണറെന്നും, ഗവർണർക്കുള്ള സ്വതന്ത്ര അധികാരങ്ങൾ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ചെയ്യാൻ നോക്കിയാൽ അത് ആരും അംഗീകരിക്കാൻ പോകുന്നില്ലെന്നും ഐസക്ക് അഭിപ്രായപ്പെട്ടു. ആർഎസ്എസ് നോമിനിയെ നിയമിച്ചെന്ന് തെളിയിച്ചാൽ രാജിവെയ്ക്കുമെന്ന ഗവർണറുടെ വെല്ലുവിളിക്കും ഐസക്ക് മറുപടി നൽകിയിട്ടുണ്ട്. ഗവർണറുടേത് ഗീർവാണമാണെന്ന് പറഞ്ഞ ഐസക്ക്, ഹരി എസ് കർത്തയെ ഗവർണറുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്‍റാക്കിയത് ആരുടെ ശുപാർശയിലാണെന്നും ചോദിച്ചിട്ടുണ്ട്. 18-01-2022-ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്തിനെത്തുടർന്നാണ് നിയമനമെന്നും ഇതിന്‍റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുകയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി നേതാക്കൾ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഏറ്റെടുക്കുന്ന ഗവർണർ ആർഎസ്എസിന്റെ കൈക്കോടാലിയാണ് എന്നതിന് വേറെ തെളിവെന്തു വേണമെന്ന് പറഞ്ഞ ഐസക്ക്, കാണാം, നമുക്കെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.
ഐസക്കിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
എന്തിലൊക്കെയോ 'ഇടപെടും' എന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഇപ്പോഴത്തെ ഭീഷണി. അദ്ദേഹം ഏതോ വിഭ്രാന്തിയിലാണ്. തന്റേത് ഒരു ഔപചാരിക പദവി മാത്രമാണെന്ന ധാരണയ്ക്കു പകരം തനിക്ക് എന്തൊക്കെയോ വലിയ സ്വതന്ത്ര അധികാരങ്ങൾ ഉണ്ടെന്ന നാട്യത്തിലാണ്. ഗവർണ്ണർക്കുള്ള സ്വതന്ത്ര അധികാരങ്ങൾ ഭരണഘടനയിൽ പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ചെയ്യാൻ നോക്കിയാൽ അത് ആരും അംഗീകരിക്കാൻ പോകുന്നില്ല.എല്ലാത്തിനും മീതെയാണ് താൻ എന്ന അദ്ദേഹത്തിന്റെ ഭാവം ഇവിടെയാരും വകവെച്ചു കൊടുക്കുന്നില്ല. ധനമന്ത്രിയിൽ പ്രീതി നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകി. തനിക്ക് പ്രീതിയിൽ ഒരു കുറവും ഇല്ലെന്ന് മുഖ്യമന്ത്രി തിരിച്ചു മറുപടിയും നൽകി. അതോടെ ആ ഉമ്മാക്കി അവസാനിച്ചു. പിന്നീട് വൈസ് ചാൻസലർമാരെ പുറത്താക്കാനായി ശ്രമം. രാജി ആവശ്യപ്പെട്ടു കത്ത് നൽകി. പക്ഷേ, ആരും രാജിവച്ചില്ല. അതിനു വിശദീകരണം ചോദിച്ച് കത്തു നൽകി. ആരും മറുപടി നൽകിയില്ല. ഇക്കാര്യത്തിൽ സ്വേച്ഛാപരമായി പെരുമാറരുതെന്നു കോടതിയും പറഞ്ഞു. ഇത്തരം നിയമവിരുദ്ധ നടപടികൾ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.
അതിനു മറുപടിയായിട്ടാണ് ഇന്ന് ഡൽഹിയിൽവച്ച് നിയമസംവിധാനങ്ങളും ജനങ്ങളും പുച്ഛിച്ചു തള്ളിയ ആരോപണങ്ങളുമായി ഗവർണർ രംഗത്ത് എത്തിയത്. പോക്ക് എങ്ങോട്ട് എന്ന് വ്യക്തമാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ പലവട്ടം അന്വേഷിച്ചിട്ടും തെളിവിന്റെ തുമ്പുപോലും കിട്ടാത്ത ആരോപണമാണ് ഗവർണർ ഏറ്റെടുത്തു പുലമ്പുന്നത്. ആ ഏജൻസികളുടെ കുറ്റപത്രങ്ങൾ കോടതിയ്ക്കു മുമ്പിലുണ്ട്. അതിലൊന്നും ഗവർണർ പറഞ്ഞ ആരോപണമോ ആക്ഷേപമോ ഇല്ല.
പക്ഷേ, ബിജെപി നേതാക്കൾ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഏറ്റെടുക്കുകയാണ് ഗവർണർ. അദ്ദേഹം ആർഎസ്എസിന്റെ കൈക്കോടാലിയാണ് എന്നതിന് വേറെ തെളിവെന്തു വേണം?
പറയുന്നതും ചെയ്യുന്നതുമെന്തെന്ന് അദ്ദേഹത്തിന് ഒരു ബോധവുമില്ല. ആർഎസ്എസ് നോമിനിയെ നിയമിച്ചെന്ന് തെളിയിച്ചാൽ രാജിവെയ്ക്കുമെന്നൊക്കെയാണ് ഇന്ന് ദില്ലിയിൽ മുഴക്കിയ ഗീർവാണം.
കുമ്മനം രാജശേഖരൻ ബിജെപി പ്രസിഡന്റായിരുന്ന സമയത്ത് ബിജെപിയുടെ മാധ്യമവിഭാഗം തലവനായിരുന്നു ഹരി എസ് കർത്ത. അദ്ദേഹം ഇപ്പോൾ ഗവർണറുടെ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റാണ്.
സാങ്കേതികമായി പറഞ്ഞാൽ ഹരി എസ് കർത്തായെ നിയമിച്ചത് സംസ്ഥാന സർക്കാരാണ്. പക്ഷേ, നിയമന ഉത്തരവ് നോക്കിയാലറിയാം, ശുപാർശ ആരുടേതെന്ന്. 18-01-2022-ന് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ കത്തിനെത്തുടർന്നാണ് നിയമനം. ഹരി എസ് കർത്തയുടെ നിയമനത്തിന്റെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക?
ഏതായാലും ഗവർണറുടെ വിരട്ടൊന്നും ഇവിടെ ചെലവാകില്ല. അദ്ദേഹം വാർത്താ സമ്മേളനം നടത്തിയാലുടനെ സർക്കാരിന്റെ മുട്ടുവിറയ്ക്കുമെന്നൊരു ധാരണയിൽ നിന്നാകാം, ഭീഷണിയും വെല്ലുവിളിയും.
കാണാം, നമുക്ക്.