പെന്‍ഷന്‍ പ്രായം കൂട്ടില്ല; ധനവകുപ്പിന് മാത്രം അത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ലെന്നും തോമസ് ഐസക്

By Web TeamFirst Published Jan 25, 2020, 9:31 AM IST
Highlights

ധനവകുപ്പിന് മാത്രം അത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ല. ഇടത് മുന്നണിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും തോമസ് ഐസക്. 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ധനവകുപ്പിന് മാത്രം അത്തരമൊരു തീരുമാനമെടുക്കാൻ കഴിയില്ല. ഇടത് മുന്നണിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിരമിക്കൽ ദിവസം ഏകീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഒരു മാസത്തെ ശമ്പളത്തിനും പെൻഷനും വേണ്ടി  2500 കോടി രൂപയാണ് സർക്കാരിന് വേണ്ടത്. പെൻഷനാകുന്നവർക്ക്  ആനുകൂല്യമായി, ഒരാൾക്ക് ശരാശരി 25 ലക്ഷം വരെ നൽകേണ്ടി വരും. അടുത്ത രണ്ട് വ‌‌ർഷത്തിനകം 20,000 ജീവനക്കാരാണ് പെൻഷനാകുന്നത്. പെൻഷൻ പ്രായം 58 ആക്കിയാൽ അങ്ങനെ 4500 കോടി രൂപ ഖജനാവിന് കിട്ടും. ധനവകുപ്പിന്റെ ഈ നിർദ്ദേശമാണ് ഇപ്പോൾ മന്ത്രി തള്ളിക്കളഞ്ഞിരിക്കുന്നത്. തെരഞ്ഞെടുപ്പ് വർഷത്തിൽ ഇത്തരമൊരു തീരുമാനം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണിത്.  പെൻഷൻ ദിവസം മാർച്ച് 31 ആയി ഏകികരിക്കണമെന്ന നിർദ്ദേശവും മന്ത്രി തള്ളിക്കളഞ്ഞു.

ജിഎസ്ടി കുടിശിഖയിനത്തില്‍ 1600 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. ഈ തുക  ലഭിക്കാന്‍ കേന്ദ്രസര്‍ക്കാരിനെതിരെ നിയമ നടപടിയുമായി മുമ്പോട്ടു പോകാനാണ് തീരുമാനം.  മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് നിയമ നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. 

Read Also: നഷ്ടപരിഹാരമായി കോടികള്‍, നികുതി വിഹിതമായി 6,900 കോടിയോളം; കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് കിട്ടാനുള്ളത്

click me!