2019 ഡിസംബര്‍ വരെയുളള കണക്കുകള്‍ പ്രകാരം കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരമായി ലഭിക്കാനുളളത് 1,600 കോടി രൂപയെന്ന് സംസ്ഥാന ധനവകുപ്പ് വ്യക്തമാക്കി. ധന കമ്മീഷന്‍റെ നിര്‍ദ്ദേശമനുസരിച്ച് ലഭിക്കേണ്ട നികുതി വിഹിതത്തിലും കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തര്‍ക്കം തുടരുകയാണ്.

ധന കമ്മീഷന്‍റെ നിര്‍ദ്ദേശമനുസരിച്ച് ലഭിക്കേണ്ട മൂന്ന് മാസത്തെ നികുതി വിഹിതമായി കേരളത്തിന് ലഭിക്കാനുളളത് 6,866 കോടി രൂപയാണ്. എന്നാല്‍, ഇതില്‍ 4,524 കോടി രൂപ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. 

ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ധനമന്ത്രിമാരുടെ ഉപസമിതി യോഗത്തില്‍ കേരള ധനമന്ത്രി തോമസ് ഐസക്ക് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. 1,600 കോടി ജിഎസ്ടി കുടിശ്ശികയുടെ കാര്യം യോഗത്തില്‍ ധനമന്ത്രി ആവര്‍ത്തിച്ചെങ്കിലും നഷ്ടപരിഹാരത്തെ സംബന്ധിച്ച് വ്യക്തമായ തീരുമാനം ഉണ്ടായില്ല. ഫെബ്രുവരി മാസം കൂടിക്കഴിയുന്നതോടെ കുടിശ്ശിക 3,000 കോടിക്ക് മുകളിലേക്ക് ഉയരുമെന്നാണ് സംസ്ഥാന ധനവകുപ്പ് പറയുന്നത്. ജിഎസ്ടി നിയമം അനുസരിച്ച് രണ്ട് മാസം കൂടിയിരിക്കുമ്പോഴാണ് ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത്. 

കേരളത്തിന്‍റെ ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജിഎസ്ടി നഷ്ടപരിഹാരവും നികുതി വിഹിതവും ലഭിക്കാന്‍ വൈകുന്നത് സംസ്ഥാനത്തിന്‍റെ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ജിഎസ്ടി നഷ്ടപരിഹാര വിതരണത്തില്‍ താമസം ഉണ്ടാകുന്നതിനാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സഹകരിച്ചുകൊണ്ട് പോരാടാനാണ് കേരളത്തിന്‍റെ ആലോചന. ബിജെപി ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പിന്തുണ ഉറപ്പാക്കി അടുത്ത ഘട്ട നടപടികളിലേക്ക് കടക്കാനും സംസ്ഥാന സര്‍ക്കാരിന് ആലോചനയുണ്ട്.  

വരുമാന ലക്ഷ്യം ഉയര്‍ത്തി കേന്ദ്രം

ഇതിനിടെ ചരക്ക് സേവന നികുതിയുടെ വരുമാന ലക്ഷ്യം ധനമന്ത്രാലയം വീണ്ടും ഉയര്‍ത്തി. ഫെബ്രുവരിയില്‍ 1.15 ലക്ഷം കോടി രൂപ, മാര്‍ച്ചില്‍ 1.25 ലക്ഷം കോടി എന്നിങ്ങനെയാണ് വരുമാന ലക്ഷ്യം. നേരത്തെ ഡിസംബറില്‍ 1.10 ലക്ഷം കോടി രൂപ, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 1.15 ലക്ഷം കോടി രൂപ നേടിയെടുക്കണമെന്നായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 

ഡിസംബറില്‍ വരുമാനം 1.03 ലക്ഷം കോടി രൂപയിലൊതുങ്ങി. പ്രതീക്ഷിത ലക്ഷ്യം കൈവരിക്കാനാകുന്നില്ലെങ്കിലും ജിഎസ്ടിയില്‍ നിന്നുളള വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത് സര്‍ക്കാരിന് ആശ്വാസകരമാണ്. ഇത് ജിഎസ്ടി ദീര്‍ഘനാള്‍ സ്ഥിരത കൈവരിക്കുന്നതിന്‍റെ സൂചനയാണെന്നാണ് സാമ്പത്തിക വിദഗ്ധരടക്കം വിലയിരുത്തുന്നത്. 

സ്വര്‍ണത്തിന് ഇ വേ ബില്‍ വേണം

സ്വര്‍ണത്തിന്‍റെ പേരില്‍ നടക്കുന്ന വലിയതോതിലുളള നികുതി വെട്ടിപ്പ് തടയാന്‍ ഇ വേ ബില്‍ സംവിധാനം നടപ്പാക്കണമെന്നും കേരളം യോ​ഗത്തിൽ ആവശ്യപ്പെട്ടു. ഇ വേ ബില്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്തേക്ക് എത്തുന്ന സ്വര്‍ണത്തില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ട്. 

ഉപസമിതി യോഗത്തിലാണ് കേരളത്തിന്‍റെ നിലപാട് ധനമന്ത്രി തോമസ് ഐസക് മുന്നോട്ടുവച്ചത്. സ്വര്‍ണത്തിന് ഇ വേ ബില്‍ സംവിധാനം ഇല്ലാത്തത് കാരണം 650 കോടി ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തിന് 150 കോടി രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെയും പ്രസ്തുത വിഷയത്തില്‍ കേരളം ആവശ്യമുന്നിയിച്ചിരുന്നു.