
ആലപ്പുഴ: തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പിന്നിൽ ആന്‍റണി രാജുവാണെന്നും കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തോമസ് മന്ത്രിയാകില്ലെന്നും താനൊരു ടോർപിഡോ വെച്ചിട്ടുണ്ടെന്നും ആന്റണി രാജു പലരോടും പറഞ്ഞിട്ടുള്ള കാര്യം അറിയാമെന്നും ഇത് അത്തരത്തിലുള്ള ആന്‍റണി രാജുവിന്‍റെ നീക്കമാണെന്നും തോമസ് കെ തോമസ് ആരോപിച്ചു.
നിയമസഭയുടെ ലോബിയിലാണോ ഇത് ചര്‍ച്ച ചെയ്യേണ്ടതെന്ന് തോമസ് കെ തോമസ് ചോദിച്ചു. താൻ മന്ത്രിയാകുമെന്ന് വന്നപ്പോഴാണ് ആരോപണം ഉയര്‍ന്നത്. എൻസിപി അജിത്ത് പവാര്‍ പക്ഷത്തേക്ക് വരുന്നതിനായി രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടിയുടെ ഓഫര്‍ തോമസ് കെ തോമസ് വെച്ചുവെന്ന ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയര്‍ന്നത്. മുഖ്യമന്ത്രി തന്നെ അവിശ്വസിക്കും എന്ന് തോന്നുന്നില്ല. പിസി ചാക്കോയോട് ഇക്കാര്യം പറഞ്ഞത് മുഖ്യമന്ത്രി തന്നെയാണ്.
താൻ ശരത് പവാറിനൊപ്പമാണ് എപ്പോഴും. അജിത് പവാര്‍ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ല. ആന്‍റണി രാജുവിന് തന്നോട് എന്താണ് പ്രശ്നം എന്നറിയില്ല. ആന്‍റണി രാജു എന്നോട് വൈരാഗ്യം എന്തിനെന്ന് മൻസിലാകുന്നില്ല. തോമസ് ചാണ്ടിയെ ആന്റണി രാജു ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ആരോപണത്തിന് പിന്നിൽ കുട്ടനാട് സീറ്റ് ലക്ഷ്യം വച്ചുള്ള ആൻറണി രാജുവിന്‍റെ നീക്കമാണ്. ആന്റണി രാജുവിന്‍റെ ടോർപിഡോ ആണിത്. ആരോപണത്തിൽ അന്വേഷണം വേണം. രണ്ട് എംഎല്‍എമാരെ വില കൊടുത്ത് വാങ്ങിച്ചിട്ട് തനിക്ക് എന്താണ് പ്രയോജനം. ആരോപണത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിൽ തനിക്ക് തിരികെ മറുപടി കിട്ടിയിട്ടില്ല.
മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചതാണ്. ഉപതെരെഞ്ഞെടുപ്പിന് ശേഷം താൻ മന്ത്രി ആകുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. മാനസികമായി തനിക്ക് അടുപ്പം ഉള്ള ആളല്ല ആന്‍റണി രാജു. തന്നെ ദ്രോഹിച്ചിട്ടുള്ളയാളാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഗൂഢാലോചന പരിശോധിക്കണമെന്നും തോമസ് കെ തോമസ് പറഞ്ഞു. എൻസിപിയിലെ എതിർ ചേരിയുടെ ഇടപെടൽ താൻ തള്ളിക്കളയുന്നില്ല. പാര്‍ട്ടിയുമായി ബന്ധമുള്ള പാർട്ടിക്ക് വെളിയിലുള്ളവരുടെ പങ്ക് താൻ തള്ളിക്കളയുന്നില്ല. എകെ ശശീന്ദ്രൻ നല്ല മന്ത്രി ആണ്. മന്ത്രി മാറ്റം പാർട്ടി തീരുമാനം ആണെന്നും തോമസ് കെ തോമസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam