
വയനാട്: തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പില്‍ പ്രത്യേക അന്വേഷണത്തിന് കളക്ടറുടെ നിർദേശം. ജോയിന്‍റ് പ്രോഗ്രാം കോർഡിനേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തും. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ രാഷ്ട്രീയ വിവാദവും മുറുകുകയാണ്.
തൊണ്ടർനാട് പഞ്ചായത്തില്‍ രണ്ട് വർഷത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്ള രണ്ടര കോടിയുടെ തട്ടിപ്പാണ് പുറത്ത് വന്നത്. ഇതോടെ കൂടുതല്‍ അന്വേഷണത്തിന് കളമൊരുങ്ങുകയാണ്. തൊണ്ടർനാട് പൊലീസ് അന്വേഷിച്ചിരുന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചാണ് ഇനി അന്വേഷിക്കുക. അതിന് പിന്നാലെ ജോയിന്‍റ് പ്രോഗ്രാം കോർഡിനേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം നടത്താൻ കളക്ടറും ഉത്തരവിടുകയായിരുന്നു. പഞ്ചായത്തിലെ അഞ്ച് വർഷത്തെ മൊത്തം തൊഴിലുറപ്പ് പദ്ധതികളും പരിശോധിക്കാനാണ് തീരുമാനം. ഫയലുകള്‍ പരിശോധിക്കുന്നതിനൊപ്പം തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍ നേരിട്ടും പരിശോധന നടത്തും.
അതേസമയം സിപിഎം ഭരിക്കുന്ന തൊണ്ടർനാട് പഞ്ചായത്തില്‍ നടന്ന കോടികളുടെ തട്ടിപ്പ് ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. യുഡിഎഫ് തൊഴിലുറപ്പ് തൊഴിലാളികളുമായാണ് പഞ്ചായത്തിലേക്ക് മാർച്ച് നടത്തതിയത്. അഴിമതിയില്‍ സിപിഎം നേതാക്കളായ പഞ്ചായത്ത് പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനും പങ്കുണ്ടെന്നാണ് യുഡിഎഫ് ആരോപണം. കഴിഞ്ഞ ദിവസം ബിജെപിയും പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയിരുന്നു. പ്രസിഡന്‍റിന്‍റെയും വൈസ് പ്രസിഡന്‍റെയും പേരെഴുതി കസേരകളില്‍ വാഴ നാട്ടിയായിരുന്നു പരിഹാസ പ്രതിഷേധം. എന്നാല്‍ തൊണ്ടർനാട്ട് ഇന്നലെ രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയ സിപിഎം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കി. ഭരണസമിതിക്ക് തട്ടിപ്പില്‍ പങ്കില്ലെന്നാണ് സിപിഎം നിലപാട്.
അന്വേഷണത്തില്‍ മുൻ വർഷങ്ങളിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയാല്‍ തട്ടിപ്പ് നടത്തിയ തുക എത്ര കണ്ട് ഉയരുമെന്നതാണ് അറിയേണ്ടത്. അന്വേഷണം തുടങ്ങിയതിന് പിന്നാലെ തട്ടിപ്പ് ആരോപണം ഉയർന്ന കരാറുകാരില്‍ ചിലർ ഒളിവിലാണ്. വിദേശത്തേക്ക് കടന്ന മുഖ്യപ്രതിയായ അക്രഡിറ്റഡ് എഞ്ചിനീയർ ജോജോ ജോണിയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam