
എറണാകുളം: അങ്കമാലിയിൽ ദേശീയ പാതയിൽ റോഡിലെ കാഴ്ച മറച്ച് നിന്ന കെട്ടിടം പൊളിച്ച് മാറ്റും. നാലുപേരുടെ അപകട മരണത്തിന് പിന്നാലെയാണ് അധികൃതർ നടപടികൾ തുടങ്ങിയത്. പ്രതിഷേധം ശക്തമായതോടെ കെട്ടിടം സ്വയം പൊളിച്ച് മാറ്റാമെന്നറിയിച്ച് ഉടമകളിൽ ഒരാൾ രംഗത്ത് വന്നു. അങ്കമാലി ദേശീയപാതയിൽ വാഹന യാത്രക്കാരുടെ കാഴ്ച മറയ്‍ക്കുന്ന ഈ കെട്ടിടം പൊളിച്ച് മാറ്റണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. വളവോട് കൂടിയ ദേശീയപാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് റോഡിൽ കയറി നിൽക്കുന്ന ഈ കെട്ടിടം കാരണം പലപ്പോഴും മറുവശത്തെ കാഴ്ചകൾ കിട്ടാറില്ല. ദേശീയപാത അധികൃതരാണ് നടപടിയെടുക്കേണ്ടതെന്ന് നഗരസഭയും നഗരസഭയാണ് കെട്ടിട നമ്പർ നൽകിയതെന്ന് പറഞ്ഞ് ദേശീയപാത അധികൃതരും നാളിതുവരെ കെട്ടിടത്തിന് എതിരായ നടപടികളിൽ കണ്ണടച്ചു.
ഒടുവിൽ വീണ്ടുമൊരു ദാരുണ അപകടം നടക്കണ്ടിവന്നു അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ. കെട്ടിടത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ പോലീസും നടപടി തുടങ്ങി. ദേശീയപാതയിൽ തുടർച്ചയായി അപകടമുണ്ടാക്കുന്ന കെട്ടിടം പൊളിച്ച് മാറ്റിയില്ലെങ്കില്‍ ഇനി അപകടം ഉണ്ടായാൽ ഉടമകളെ പ്രതിയാക്കി കേസ് എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയ്ട്ടുണ്ട്. തൊട്ട് പിന്നാലെ കെട്ടിടം പൊളിക്കാമെന്നറിയിച്ച് ഉടമകളിൽ ഒരാൾ രംഗത്ത് വന്നു. കളമശ്ശേരി സ്വദേശി ശശി, ദേവസ്യ അറയ്ക്കൽ എന്നിവരുടെ ഉടമസ്ഥതയിലാണ് കെട്ടിടം.രണ്ട് ദിവസത്തിനകം കെട്ടിടം സ്വയം പൊളിച്ചില്ലെങ്കിൽ നിയമാനുസൃതമായ തുടർ നടപടികള്‍ക്കാണ് അധികൃതരുടെ ആലോചന. അങ്കമാലി സെന്‍റ് ജോർജ്ജ് ബസിലിക്കയിൽ കുർബാന കൂടിയ ശേഷം ഓട്ടോയിൽ വീട്ടിലേക്ക് പോകുകയായിരുന്ന സഹോദരിമാരടക്കം നാല് പേരാണ് ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ തൽക്ഷണം മരിച്ചത്.
അങ്കമാലിയിൽ നിന്ന് മൂക്കന്നൂരിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. ഏതാനും മീറ്ററുകൾ ഓട്ടോറിക്ഷയെ വലിച്ച് പോയ സ്വകാര്യ ബസ്സ് ദേശീയപാതയിലെ ഒരു കടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ബസ്സിനടിയിൽ പെട്ടുപോയ ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്ത്. അപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. അങ്കമാലി മങ്ങാട്ടുകര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജോസഫ്, കല്ലുപാലം സ്വദേശിനി മേരി ജോർജ്ജ്,മൂക്കന്നൂർ സ്വദേശിനി റോസി തോമസ്,മാബ്ര സ്വദേശിനി മേരി എന്നിവരാണ് മരിച്ചത്. നാല് പേരുടെ മൃതതേഹം ഉടൻ അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരടം ഗതാഗത കുരുക്കുണ്ടായി.ആലുവ എസ്പി കെ കാർത്തിക് അടക്കമുള്ളവർ സ്ഥല്തതെതിയിരുന്നു. വലിയ തിരക്കനുഭവപ്പെടുത്ത ബാങ്ക് കവലയിൽ സിഗ്നൽ സംവിധനങ്ങൾ അടക്കം ഇല്ലാത്തതിനാൽ അപകടം പതിവാണെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam