വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ജനമൈത്രി പൊലീസ്

By Web TeamFirst Published May 8, 2020, 7:07 PM IST
Highlights

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശം ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ ജനമൈത്രി പൊലീസിന് നിര്‍ദ്ദേശം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ നിര്‍ദ്ദേശം ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്  ബെഹ്റ  നിര്‍ദ്ദേശം നല്‍കി. 

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശം പാലിക്കാതെ അയല്‍ വീടുകളിലും ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും സന്ദര്‍ശനം നടത്തുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം  സമീപനം സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. 

അതേസമയം ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രായം ചെന്നവരും ഗർഭിണികളും കുട്ടികളും 14 ദിവസം വീടുകളിൽ ക്വാറന്‍റൈനില്‍ കഴിയണമെന്ന് അറിയിപ്പ്. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.  75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കള്‍ക്കുമാണ് ഇത് ബാധകം. പെയ്‍ഡ് ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

click me!