വാക്സീൻ എടുക്കുന്നവർക്ക് ടെസ്റ്റ് നിർബന്ധം, കണ്ണൂർ കളക്ടറുടെ ഉത്തരവ് തിരുത്തും?

By Web TeamFirst Published Jul 27, 2021, 8:51 AM IST
Highlights

കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് ഡിഎംഒയുടെയും നിലപാട്. വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്‍റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം നടപ്പാക്കാനുള്ള ആരോഗ്യപ്രവ‍ർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ല. ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ഉത്തരവ് പിൻവലിക്കാനുള്ള സാധ്യതയുണ്ട്. 

കണ്ണൂർ: കണ്ണൂ‍ർ ജില്ലയിൽ ഒന്നാം ഡോസ് വാക്സിനെടുക്കുന്നവ‍ർ കൊവിഡ് പരിശോധന നടത്തണമെന്ന കളക്ടറുടെ ഉത്തരവ് പുനഃപരിശോധിക്കുമോ എന്ന് ഇന്നറിയാം. നാളെ തീരുമാനം നടപ്പാക്കാനിരിക്കെ പൊതുജനങ്ങൾക്കിടയിൽ കടുത്ത അമ‍ർഷം പുകയുന്നുണ്ട്. ഉത്തരവ് നടപ്പാക്കരുതെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരസ്യമായി ആവശ്യപ്പെട്ടു. കളക്ടറുടെ തീരുമാനം അപ്രായോഗികം എന്നാണ് ഡിഎംഒയുടെയും നിലപാട്. വാക്സീൻ കേന്ദ്രത്തിൽ തന്നെ ആന്‍റിജൻ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കും എന്ന പ്രഖ്യാപനം നടപ്പാക്കാനുള്ള ആരോഗ്യപ്രവ‍ർത്തകരോ അടിസ്ഥാന സൗകര്യങ്ങളോ നിലവിലില്ല. 

ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ ഉത്തരവ് പിൻവലിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ  ഉത്തരവിനെ ആരോഗ്യമന്ത്രി തള്ളിപ്പറയാത്തത് കളക്ടർക്ക് പിടിവള്ളിയാണ്. കാസർകോട് തീരുമാനം ഇന്നലെ മുതൽ നടപ്പാക്കി തുടങ്ങിയെങ്കിലും വലിയ പ്രതിഷേധം ഉയ‍ർന്നുവന്നിട്ടില്ല. പക്ഷേ നാട്ടുകാരെ ആകെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണിതെന്നാണ് ഈ രണ്ട് ജില്ലകളിലെയും പൊതുവികാരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!