ആയിരം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തലസ്ഥാനത്ത്; ഇനി കൊവിഡ് ഫലം രണ്ടരമണിക്കൂറില്‍ അറിയാം

By Web TeamFirst Published Apr 3, 2020, 6:15 PM IST
Highlights

ആയിരം കിറ്റുകളാണ് ആദ്യബാച്ചില്‍ എത്തിയത്.  അതേസമയം റാപ്പിഡ് ടെസ്റ്റിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങൾ ഐസിഎംആർ നാളെ പുറത്തിറക്കും.  

തിരുവനന്തപുരം: കൊവിഡ് പരിശോധന വേഗത്തിലാക്കുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു. ആയിരം കിറ്റുകളാണ് ആദ്യബാച്ചില്‍ എത്തിയത്. രണ്ടരമണിക്കൂറിനകം കൊവിഡ് പരിശോധനാഫലം കിട്ടുമെന്നതാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളുടെ ഗുണമേന്മ. അതേസമയം റാപ്പിഡ് ടെസ്റ്റിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങൾ ഐസിഎംആർ നാളെ പുറത്തിറക്കും.  

കൊവിഡ് നിര്‍ണ്ണയത്തിനുള്ള റാപ്പിഡ് ടെസ്റ്റ് തീവ്രബാധിത മേഖലകളില്‍ മാത്രം നടത്തിയാല്‍ മതിയോ എന്നതിലടക്കമുള്ള
മാര്‍ഗനിര്‍ദ്ദേശമാകും നാളെ പുറത്തിറക്കുക. അരമണിക്കൂറിനുള്ളില്‍  ഫലം ലഭ്യമാകുംവിധം പരിശോധന നടത്തുന്നത്  കൊവിഡ് ചികിത്സയില്‍ ഏറെ ഗുണം ചെയ്യുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്.  തീവ്രബാധിത പ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ 14നു ശേഷവും തുടരണമെന്നാണ് ഐസിഎംആറിന്‍റെ നിലപാട്.

രാജ്യത്ത് 24 മണിക്കൂറിനിടെ ഉണ്ടായ 12 കൊവിഡ് മരണങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്. കേരളത്തിലെ  7 ജില്ലകളുള്‍പ്പടെ രാജ്യത്ത് 25 തീവ്രബാധിത മേഖലകളാണുള്ളത്. കൂടുതല്‍ കേസുകള്‍ ദിനം പ്രതി ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ തുടരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ
വിലയിരുത്തല്‍. 

click me!