വയനാട് തൊവരിമലയില്‍ ഭൂമി കയ്യേറിയ ആദിവാസികളെ ഒഴിപ്പിച്ചു; മാധ്യമങ്ങൾക്ക് വിലക്ക്

By Web TeamFirst Published Apr 24, 2019, 11:24 AM IST
Highlights

സമരസമിതി നേതാക്കളായ  എം പി കുഞ്ഞിക്കണാരൻ, കെ ജി മനോഹരൻ, രാജേഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് മർദ്ദിച്ചതായി ആദിവാസികൾ ആരോപിച്ചു.

കല്‍പ്പറ്റ: വയനാട് തൊവരിമലയിലെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചു. പൊലീസും വനം വകുപ്പും ചേർന്നാണ്‌ കയ്യേറ്റം ഒഴിപ്പിച്ചത്. തൊവരിമല കയ്യേറ്റ ഭൂമിയിലേക്ക് മാധ്യമങ്ങളെ കടത്തിവിടാതെയാണ് ഒഴിപ്പിക്കൽ നടപടികൾ നടന്നത്. സമരസമിതി നേതാക്കളായ എം പി കുഞ്ഞിക്കണാരൻ, കെ ജി മനോഹരൻ, രാജേഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് മർദ്ദിച്ചതായി ആദിവാസികൾ ആരോപിച്ചു.

ഹാരിസൺസ് മലയാളം ലിമിറ്റഡിൽ നിന്നും സർക്കാർ ഏറ്റെടുത്ത 106 ഹെക്ടർ ഭൂമിയിൽ കയ്യേറി അവകാശം സ്ഥാപിച്ച ആയിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിനിടെ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകീട്ടായിരുന്നു വയനാട്ടിലെ 13 പഞ്ചായത്തുകളിൽ നിന്നുള്ള ഭൂരഹിതർ കയ്യേറ്റം നടത്തിയത്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം നടപടി മതി എന്ന നിർദ്ദേശമായിരുന്നു  പൊലീസിനും ജില്ലാ ഭരണകൂടത്തിനും സർക്കാരിൽ നിന്ന് ലഭിച്ചത്. അതു പ്രകാരമാണ് ഇന്ന് പുലർച്ചെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസും വനം വകുപ്പും സമരഭൂമിയിലെത്തിയത്. 

സംഭവമറിഞ്ഞത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ എസ്റ്റേറ്റിലേക്കുള്ള കവാടത്തിൽ തടഞ്ഞു. സമരസമിതി നേതാക്കളായ കുഞ്ഞിക്കണാരൻ, മനോഹരൻ, രതീഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു ഒഴിപ്പിക്കൽ. ഫോണുകൾ പിടിച്ചുവാങ്ങിയ പൊലീസ് ബലം പ്രയോഗിച്ചാണ് സമരക്കാരെ നീക്കിയത്. സമരം നടത്തിയവർക്കെതിരെ വിവിധ വകുപ്പുകൾ അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്.

70-കളിൽ ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്നും സർക്കാർ ഏറ്റെടുത്ത ഈ ഭൂമി ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് സിപിഎം ഉൾപ്പെടെ നേരത്തെ സമരം നടത്തിയിരുന്നു. നേരത്തെ ഭൂമിക്കായി സമരം നടത്തിയവരും പ്രളയത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരും സമരത്തിലുണ്ട്. പിടിച്ചെടുത്ത ഭൂമിയിൽ കൃഷിയിറക്കാനായിരുന്നു സമരക്കാരുടെ നീക്കം. 

click me!