മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിക്കുണ്ടായ ദുരനുഭവം; നടപടിയെടുത്ത് എംവിഡി, മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

Published : Nov 05, 2025, 05:17 PM ISTUpdated : Nov 05, 2025, 05:41 PM IST
munnar tourist assault

Synopsis

മൂന്നാറിൽ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ആറുമാസത്തേക്ക് ആണ് നിലവിൽ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്

ഇടുക്കി: മൂന്നാറിൽ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്നാറിലെ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. മൂന്നാറിലെ ടാക്സി ഡ്രൈവർമാരായ വിനായകൻ, വിജയകുമാർ, അനീഷ് കുമാർ എന്നിവരുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്ക് ആണ് നിലവിൽ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

മൂന്നാറിൽ മുംബൈ സ്വദേശിയായ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നേരത്തെ മൂന്ന് ഡ്രൈവര്‍മാരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള ശുപാർശ മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറിയിരുന്നു. ഇവരുടെ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കാനും നീക്കമുണ്ട്. യൂബർ ടാക്സി ഡ്രൈവറിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.അതേസമയം, കൂടുതൽ പരാതിയില്ലെന്ന് യുവതിയുടെ കുടുംബാംഗങ്ങൾ അറിയിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാർ അറിയിച്ചിരുന്നു. 

മൂന്നാറിൽ നടക്കുന്നത് ഗുണ്ടായിസമാണെന്നും മോട്ടോർ വാഹനവകുപ്പ് കർശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയരുന്നു. യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും അപമര്യാദ കാണിച്ച ഡ്രൈവർമാർക്കും ഒത്താശ ചെയ്ത പൊലീസുകാർക്കുമെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അനധികൃതമായും സമയം തെറ്റിച്ചും ഓടുന്ന വാഹനങ്ങൾ പിടികൂടുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രയ്ക്ക് ഓൺലൈൻ ടാക്സി വിളിച്ചതിനാണ് മുംബൈ സ്വദേശിനിയെ ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത്.

 

ഓൺലൈൻ ടാക്സി വിളിച്ചതിന് ഭീഷണി

 

മുംബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് മൂന്നാര്‍ സന്ദര്‍ശന വേളയില്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ പ്രദേശവാസികളായ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും പൊലീസില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ചത്. ഒക്ടോബര്‍ 31 ന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ജാന്‍വി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടാക്‌സിയില്‍ കൊച്ചിയും ആലപ്പുഴയും സന്ദര്‍ശിച്ച ശേഷമാണ് ജാന്‍വിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് നിരോധനമാണെന്ന് പറഞ്ഞ് പ്രാദേശിക യൂണിയന്‍ സംഘം ഇവരെ അപ്രതീക്ഷിതമായി തടയുകയായിരുന്നു. സ്ഥലത്തെ ടാക്‌സി വാഹനത്തില്‍ മാത്രമേ പോകാന്‍ അനുവദിക്കുകയുള്ളൂവെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ മറ്റൊരു ടാക്‌സി വാഹനത്തില്‍ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാന്‍വി പറഞ്ഞിരുന്നു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ