ലിനിയുടെ ഭർത്താവിൻ്റെ ജോലി തടസപ്പെടുത്തിയ കേസ്; മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

By Web TeamFirst Published Jun 22, 2020, 6:19 PM IST
Highlights

തണ്ടോറപ്പാറ സ്വദേശികളായ സിദ്ദിഖ് വളയംപറമ്പില്‍ (46), റാഷിദ് കിഴക്കോത്ത് (27), പേരാമ്പ്രക്കുന്നുമ്മല്‍ സൂരജ് (33) എന്നവരെയാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: മുല്ലപ്പള്ളിക്കെതിരായ പ്രസ്താവനയിൽ പ്രതിഷേധിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ. സജീഷിന്‍റെ ജോലി തടസപ്പെടുത്തിയ കേസില്‍ തണ്ടോറപ്പാറ സ്വദേശികളായ സിദ്ദിഖ് വളയംപറമ്പില്‍ (46), റാഷിദ് കിഴക്കോത്ത് (27), പേരാമ്പ്രക്കുന്നുമ്മല്‍ സൂരജ് (33) എന്നവരെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്.

കൂത്താളി പ്രാഥമികാരോ​ഗ്യകേന്ദ്രത്തിലേക്ക് മാ‍ർച്ച് നടത്തുകയും ആരോ​ഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതിന് കോൺ​ഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഡി സി സി സെക്രട്ടറി മുനീർ എരവത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് രാജൻ മരുതേരി അടക്കമുള്ളവർക്കെതിരെ പെരുവണ്ണാമുഴി പോലീസാണ് കേസെടുത്തത്. കൂത്താളി പി എച്ച് സി മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് നടപടി.

ആരോ​ഗ്യമന്ത്രി കെകെ ശൈലജയെ കൊവിഡ് റാണിയെന്നും നിപ രാജകുമാരിയെന്നും വിശേഷിപ്പിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രസ്താവനയ്ക്കെതിരെ നേരത്തെ സജീഷ് രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് യൂത്ത് കോൺ​ഗ്രസ് മാ‍ർച്ച് നടത്തിയത്. 

സിസ്റ്റർ ലിനിയുടെ കുടുംബത്തെ വേട്ടയാടരുതെന്ന് പറഞ്ഞ് ശനിയാഴ്ചയിലെ വാ‍ർത്തസമ്മേളനത്തിൽ പിണറായി വിജയൻ കോൺ​ഗ്രസിനേയും മുല്ലപ്പള്ളി രാമചന്ദ്രനേയും കടന്നാക്രമിച്ചിരുന്നു. സജീഷിൻ്റെ ഓഫീസിലേക്ക് മാ‍ർച്ച് നടത്തിയ സംഭവത്തിൽ മുല്ലപ്പള്ളി കോഴിക്കോട് ഡിസിസിയേയും യൂത്ത് കോൺ​ഗ്രസ് നേതൃത്വത്തേയും അതൃപ്തി അറിയിച്ചിരുന്നു. കെപിസിസിയുടെ അറിവോടെയല്ല മാ‍ർച്ചെന്നാണ് മുല്ലപ്പള്ളി വിശദീകരിക്കുന്നത്.

click me!